എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ നാല് യുവാക്കൾ എറണാകുളത്ത് പിടിയിൽ
text_fieldsകൊച്ചി: എറണാകുളം വടുതലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ 70.47 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ് ലാജ് (23), ഹേമന്ത് സുന്ദർ (24), മുഹമ്മദ് അർഷാദ് ടി.പി (22), കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്.
വടുതലയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തിവരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽനിന്നും രാസലഹരി എത്തിച്ച് എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയവിടങ്ങളിലെ റിസോട്ടുകളിലും അപ്പാർട്ടുമെന്‍റുകളിലും താമസിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും പാർട്ടിയും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സതീഷ് ബാബു, ആഷ്‌ലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മോഹനൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


