നാല് വർഷ ഡിഗ്രിയിൽ ആശങ്ക: കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഫ്രറ്റേണിറ്റി
text_fieldsനാല് വർഷ ഡിഗ്രിയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച്
മലപ്പുറം: നാല് വർഷ ഡിഗ്രി സർവത്ര ആശയക്കുഴപ്പമാണെന്നും നാലാം വർഷത്തെ പഠനപ്രവർത്തനങ്ങളെക്കുറിച്ച് അവ്യക്തത നിറഞ്ഞുനിൽക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്. ഇക്കാര്യത്തിൽ അധികൃതർ മറുപടി പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
ഇ.എം.എസ് സെമിനാർ ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിൽ പൊലീസ് നടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് സഈദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
നാലാം വർഷം ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഓണേഴ്സ് ഡിഗ്രി, റിസർച്ച് വർക്കുകളെ സംബന്ധിച്ച് ഒരു വ്യക്തതയും ആർക്കുമില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല, സർവകലാശാല അധികൃതർക്കും പോലും ധാരണയില്ലാതെയാണ് കോഴ്സ് നടപ്പാക്കുന്നതെന്ന് മുഹമ്മദ് സഈദ് പറഞ്ഞു. നാലാം വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കുള്ള അക്കാദമിക-അടിസ്ഥാന സൗകര്യങ്ങൾ കോളജുകളിൽ ഇല്ല.
വിദ്യാർത്ഥികൾക്ക് മൂന്നാം വർഷം കോഴ്‌സ് അവസാനിപ്പിക്കാമെന്ന ഓപ്ഷൻ ഉണ്ടെങ്കിലും അതിന് ശേഷമുള്ള അവരുടെ അഡ്‌മിഷൻ, പഠനം എന്നിവയെക്കുറിച്ചെല്ലാം ആശങ്കകളുണ്ട്. കോഴ്‌സിനിടയിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും ചെയ്യേണ്ട ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളിലും അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് സർക്കാറും സർവകലാശാലകളും തയാറായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുഹമ്മദ് സഈദ് പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. അൻവർ സ്വലാഹുദ്ദീൻ, വി.ടി.എസ്. ഉമർ തങ്ങൾ, ആഷിഖ് ടി.എം., റസീന ആലത്തൂർ, അഡ്വ. അമീൻ യാസിർ, ബുഷ്‌റ എന്നിവർ സംസാരിച്ചു. ആഷിഖ് നിസാർ, ഹാദി ഹസ്സൻ കെ.പി., ഷുഹൈബ് വയനാട്, ഇർഷാദ് കൊടിഞ്ഞി, റഷീദ് വള്ളിക്കുന്ന്, ശിഫ വണ്ടൂർ, അനു ഷഹ് വാൻ എന്നിവർ നേതൃത്വം നൽകി.
മാർച്ചിന് ശേഷം ഫ്രറ്റേണിറ്റി നേതാക്കൾ പി.വി.സി അബ്ദുൽ റഷീദിനെ കണ്ട് വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.


