കണ്ണൂരിൽ അത്ഭുതങ്ങൾ നടക്കും, മെയ് നാല് യു.ഡി.എഫിന്റെ ദിനമായിരിക്കും -കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: മെയ് നാല് യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല. എക്സിറ്റ് പോളിനേക്കാൾ വൻ വിജയമായിരിക്കും ഉണ്ടാവുക. കണ്ണൂരിൽനിന്ന് അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു.ഡി.എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ വിഷയത്തിൽ ചർച്ചക്കില്ല. അത് എ.ഐ.സി.സിയുടെ തീരുമാനമാണ്.
സണ്ണി ജോസഫിന്റെ പേരിൽ ഒരു കത്ത് കിട്ടിയില്ലെന്ന് നേരത്തെ പറഞ്ഞതാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യുന്ന നിങ്ങൾ, ആര് പ്രതിപക്ഷ നേതാവാകുമെന്നത് എന്തു കൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ പോളിനെയാണ് വിശ്വാസം. നാലിലെ ഫലത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നല്ല ഫലം ലഭിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നവർ നടത്തട്ടെയെന്നും തനിക്ക് അതിൽ താല്‍പര്യമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകൾ നടത്തുന്നവർ നടത്തട്ടെ, എനിക്ക് അതിൽ താല്‍പര്യവുമില്ല. പാര്‍ട്ടിയുടെ താല്‍പര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. വ്യവസ്ഥാപിതമായി അതെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. താൽപ്പര്യക്കുറവിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മോദിക്കെതിരെ പരാമര്‍ശം നടത്തിയെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടിയത് വിചിത്രമായ സംഭവമാണ്. ഖാര്‍ഗെ തമിഴ്‌നാട്ടില്‍ വെച്ചുതന്നെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയതാണ്. 24 മണിക്കൂര്‍ മാത്രമാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ലംഘനമായിരുന്നല്ലോ. അതില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഞങ്ങള്‍ നല്‍കിയ പരാതിയിൽ നടപടി സ്വീകരിക്കാന്‍ തയാറായില്ല. കമീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരായ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നരേന്ദ്രമോദി പ്രതികരിക്കാത്തത് മോദി ട്രംപിന് മുന്നിൽ സറണ്ടര്‍ ചെയ്തിരിക്കുകയാണെന്നും ഇത് ഇന്ത്യയുടെ അന്തസ്സിന് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കുറവാണെന്നും കോഴിക്കോട്ടെ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


