Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രക്ഷാദൗത്യം’ മുതൽ...

‘രക്ഷാദൗത്യം’ മുതൽ നവീൻ ബാബു വരെ: ഇടതുവാശികൾക്ക് രാഷ്ട്രീയ സർജറി

text_fields
bookmark_border
‘രക്ഷാദൗത്യം’ മുതൽ നവീൻ ബാബു വരെ: ഇടതുവാശികൾക്ക് രാഷ്ട്രീയ സർജറി
cancel

തിരുവനന്തപുരം: ‘രക്ഷാപ്രവർത്തന’ത്തിലെ പ്രത്യേക അന്വേഷണ സംഘം മുതൽ ആശമാരുടെ വേതന വർധനവും സിൽവർ ലൈൻ റദ്ദാക്കലും നവീൻ ബാബുവിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണം വരെയുള്ള സർക്കാർ തീരുമാനങ്ങൾ ഓരോന്നും സി.പി.എമ്മിനുള്ള രാഷ്ട്രീയ മറുപടിയാവുകയാണ്. ഇടതുസർക്കാറും സി.പി.എമ്മും അവഗണിക്കുകയോ പിടിവാശി തുടരുകയോ ചെയ്ത വിഷയങ്ങളിൽ സ്വാഭാവിക നീതി എന്നതിനൊപ്പം ഭരണപരമായ തിരുത്ത് കൂടിയാണ് രണ്ടാഴ്ചക്കുള്ളിലെ ഈ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നത്. മറ്റ് മൂന്നും ഭരണപരമായ നയമെന്ന് വ്യാഖ്യാനിക്കാമെങ്കിലും സി.ബി.ഐ അന്വേഷണം സി.പി.എമ്മിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രഹരമാണ്.

ഇടതു കുടുംബപശ്ചാത്തലവും നവീൻ ബാബു സർവിസ് സംഘടന നേതൃനിരയിൽ പ്രവർത്തിക്കുന്നയാളുമായിട്ടും സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് തുടക്കം മുതൽ തന്നെ സി.പി.എമ്മും ഇടതുസർക്കാറും എതിരായിരുന്നു. മാത്രമല്ല നവീൻ ബാബു കേസിൽ തുടക്കം മുതലുള്ള നിലപാട് പാർട്ടിയെ പൊതുസമക്ഷം സംശയനിഴലിലുമാക്കിയിരുന്നു. സംഭവത്തിൽ സി.പി.എമ്മിന്റെ പത്തനംതിട്ട, കണ്ണൂർ ജില്ല കമ്മിറ്റികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായതായിരുന്നു തുടക്കത്തിലെ കല്ലുകടി. കണ്ണൂർ ജില്ല കമ്മിറ്റി സദുദ്ദേശ്യത്തിന്റെ ആനുകൂല്യം നൽകിയാണ് പി.പി ദിവ്യയെ ന്യായീകരിക്കാൻ ശ്രമിച്ചതെങ്കിൽ സംഭവത്തിൽ പൊതുസമൂഹത്തിലുണ്ടായ രോഷം അതേ അളവിൽ പത്തനംതിട്ടയിലെ പാർട്ടിയിൽ പ്രതിഫലിച്ചിരുന്നു. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടായിരുന്നു പത്തനംതിട്ടയിലെ സി.പി.എമ്മിന്. എന്നാൽ ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായി വ്യക്തമാക്കിയ കണ്ണൂർ ജില്ലാ കമ്മിറ്റിയാകട്ടെ, പി.പി ദിവ്യ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ പരാമർശങ്ങൾ മാത്രമാണെന്നായിരുന്നു വിശദീകരിച്ചത്.

ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വലിയ ചർച്ചയാവുകയും പത്തനംതിട്ട ജില്ല സെക്രട്ടറി തള്ളിപ്പറയുകയും ചെയ്തതും ഈ ഘട്ടത്തിലാണ്. ജയിലിൽ കഴിഞ്ഞ ദിവ്യയെ കണ്ണൂരിലെ മുതിർന്ന സി.പി.എം നേതാക്കളടക്കം സന്ദർശിച്ചതും പിന്നാലെ ചർച്ചയായി. ഈ ഘട്ടത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്.

ആലപ്പുഴയിൽ ‘രക്ഷാദൗത്യ’മെന്ന് പിണറായി വിജയൻ വിശേഷിപ്പിക്കുകയും പാർട്ടി സംവിധാനമൊന്നാകെ ന്യായീകരിക്കുകയും ചെയ്ത അംഗരക്ഷകരുടെ കടന്നാക്രമണത്തിൽ ഒന്നാം കാബിനറ്റിൽ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത് സി.പി.എമ്മിനുള്ള കൃത്യമായ രാഷ്ട്രീയ സൂചനയായിരുന്നു. ആശവർക്കർമാരുടെ വേതനകാര്യത്തിൽ കാർക്കശ്യവും ആക്ഷേപവുമായിരുന്നു ഇടതു ലൈനെങ്കിൽ 3000 രൂപ വർധനവ് വരുത്തിയുള്ള തീരുമാനം ജനവികാരം തിരിച്ചറിഞ്ഞുള്ള നീക്കവും സി.പി.എമ്മിനുള്ള തിരുത്തുമായി. കേന്ദ്രാനുമതി കിട്ടാത്തതിനെ തുടർന്ന സിൽവർ ലൈനിൽ പ്രതീക്ഷ മങ്ങുകയും പ്രവർത്തനങ്ങൾ നിലക്കുകയും ചെയ്തെങ്കിലും അവസാന ഘട്ടത്തിൽ വരെ ‘കെ.റെയിൽ വരും കേട്ടോ’ എന്ന ഇടതുവാശിക്കാണ് യു.ഡി.എഫ് സർക്കാർ താഴിട്ടത്.

Show Full Article
TAGS:Naveen Babu Death Left Wing Kerala 
News Summary - From 'Rescue Mission' to Naveen Babu: A Political Surgery for Left-Wing Obstinacy
Next Story