തൃക്കാക്കര മുതൽ തദ്ദേശം വരെ; കൂടുതൽ കരുത്തനായി വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: തൃക്കാക്കര മുതൽ തദ്ദേശപ്പോര് വരെ ആധികാരിക വിജയങ്ങളോരോന്നും അക്കൗണ്ടിലുറപ്പിച്ച് കോൺഗ്രസ് സംഘടന സംവിധാനത്തിൽ കൂടുതൽ കരുത്തനായി വി.ഡി. സതീശൻ. ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഐക്യവും കൃത്യമായ കണക്കുകൂട്ടലുകളും വഴി യു.ഡി.എഫിനെ വിജയവഴിയിൽ തിരിച്ചെത്തിച്ച നായകൻ എന്ന പ്രതിച്ഛായയാണ് ഇതോടെ സതീശന് കൈവന്നിരിക്കുന്നത്.
അതേസമയം, വിജയത്തിളക്കങ്ങളുടെയെല്ലാം ക്രെഡിറ്റ് ‘ടീം യു.ഡി.എഫി’നാണെന്ന് ആവർത്തിച്ച് കൂട്ടായ്മുടെ കരുത്ത് ഉയർത്തിപ്പിടിക്കുകയാണ് അദ്ദേഹം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുണ്ടായ മാറ്റത്തിന്റെ പുതിയ ഭാവമായിരുന്നു സതീശന്‍റെ നിയോഗം.
അന്ന് നിലംപരിശായെന്ന് വിധിയെഴുതിയവർക്കുമുന്നിൽ മുന്നണിയുടെ അതിജീവനക്ഷമത അരക്കിട്ടുറപ്പിച്ച രാഷ്ട്രീയമുന്നേറ്റങ്ങളാണ് ‘തൃക്കാക്കര മുതൽ തദ്ദേശം’ വരെയുള്ള തേരോട്ടങ്ങൾ. അതിന്‍റെയെല്ലാം അമരത്ത് സതീശനുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൈവിട്ടിരുന്നെങ്കിൽ സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദ്യംചെയ്യപ്പെടുമായിരുന്നു. തോറ്റാൽ തന്‍റെ മാത്രം ഉത്തരവാദിത്തമെന്നും ജയിച്ചാൽ യു.ഡി.എഫിന്‍റെ വിജയമെന്നുമായിരുന്നു സതീശന്‍റ നിലപാട്.
നിലമ്പൂർ പിന്നിട്ട് തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടവേളക്കിടയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിനെ ഒന്നാകെ പിടിച്ചുകുലുക്കിയത്. കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം രാഹുലിനെ പിന്തുണച്ചപ്പോൾ നിലപാട് കടുപ്പിച്ച് സതീശൻ നിലയുറപ്പിച്ചു.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും പാർലമെന്‍ററി പാർട്ടിയിൽനിന്നും പിന്നാലെ പാർട്ടിയിൽ നിന്നുതന്നെയും രാഹുൽ പുറത്താകുന്നതിലേക്ക് വഴിതുറന്നതും ഈ നിലപാട് തന്നെ. സാമുഹ്യമാധ്യമങ്ങളിൽ വലിയ ആക്രമണത്തിന് ഇരയായ സതീശൻ, കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലും റീലുകളിലുമല്ലെന്നും ജനഹൃദയങ്ങളിലാണെന്നും തുറന്നടിച്ചത് സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന കൃത്യമായ പ്രഖ്യാപനമായിരുന്നു. ആദ്യം പരോക്ഷമായി രാഹുലിനെ പിന്തുണച്ചവരും ഒടുവിൽ സതീശന്‍റെ നിലപാടാണ് ശരി എന്നതിലേക്ക് എത്തിയെന്ന് തെരഞ്ഞെടുപ്പ് കളത്തിൽ തന്നെ കണ്ടു.


