കേരള രാഷ്ട്രീയത്തിലെ പാലംവലി; വി.എസ് മുതൽ റിയാസ് വരെ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏറെ പ്രചാരമുള്ള വാക്കാണ് പാലംവലി. വോട്ട് ചോർച്ച, അട്ടിമറി, കാലുവാരൽ, അടിയൊഴുക്ക് എന്നൊക്കെ പാർട്ടി അന്വേഷണ റിപ്പോർട്ടുകളിൽ ഇതിനെ വിശേഷിപ്പിക്കും. കൂടെനിന്ന് വോട്ട് ഏതിർ സ്ഥാനാർഥിക്ക് കുത്തുന്ന ഏർപാടാണ് പാലംവലി എന്നറിയപ്പെടുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തോളം പഴക്കമുള്ള പാലംവലിക്ക് ഇ.എം.എസ് മുതൽ പിന്നീടുള്ള പ്രമുഖ നേതാക്കൾവരെ ഇരയായിട്ടുണ്ട്.
1996ൽ വി.എസ് അച്യുതാനന്ദന്റെ മാരാരിക്കുളം തോൽവിയാണ് ഇതിൽ ഏറ്റവും പ്രശസ്തമായത്. ഇത് മാരാരിക്കുളം സിൻഡ്രോം എന്ന പേരിൽ അറിയപ്പെട്ടു. ഇടതുമുന്നണി അധികാരത്തിലേക്ക് വരുമെന്നുറപ്പായ തെരഞ്ഞെടുപ്പിൽ, വി.എസ്. മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് വി.എസ് അപ്രതീക്ഷിതമായി പരാജയപ്പെട്ടു. സി.പി.എമ്മിലെ തന്നെ ഒരുവിഭാഗം വോട്ട് മറിച്ചതാണ് ഈ വീഴ്ചക്ക് പിന്നിലെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. വി.എസ് വീണതോടെ ഇ.കെ. നായനാർ മുഖ്യമന്ത്രി പദവിയിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേർന്നു. 2011ൽ വി.എസ് സർക്കാറിന് ഭരണത്തുടർച്ച പ്രതീക്ഷിച്ച കാലത്ത് കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടത് പാർട്ടി പാലംവലിച്ചതുകൊണ്ടാണെന്ന ആരോപണവുമുയർന്നിരുന്നു.
കെ. കരുണാകരനും മക്കളും പാലംവലിയിൽ വീണ കഥകൾ ഏറെയുണ്ട്. കേരള രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് വിളിക്കപ്പെടുന്ന കരുണാകരൻ സ്വന്തം പാളയത്തിലെ ഗ്രൂപ്പ് പോരിന് ഇരയായിട്ടുണ്ട്. കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് വൈര്യം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് 1996ൽ തന്റെ തട്ടകമായ മാളയിൽ കരുണാകരൻ പരാജയപ്പെട്ടു.
കെ. മുരളീധരനും പത്മജയും പലപ്പോഴും സ്വന്തം പാർട്ടിക്കുള്ളിലെ പാലംവലിയുടെ ഇരകളായി. മുരളീധരന്റെ വടക്കാഞ്ചേരിയിലെപരാജയവും 2006ൽ യു.ഡി.എഫ് സഖ്യത്തിലായിട്ടും കൊടുവള്ളിയിൽ നേരിട്ട തിരിച്ചടിയും ഉദാഹരണമാണ്. തൃശൂരിലും ചരിത്രം ആവർത്തിച്ചു.
പി.എ. മുഹമ്മദ് റിയാസിന്റെ 2009ലെ കോഴിക്കോട് ലോക്സഭ സീറ്റിലെ തോൽവിയാണ്. സി.പി.എമ്മിലെ വിഭാഗീയത (വി.എസ്-പിണറായി പോര്) ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയമായിരുന്നു അത്. ഒരുവിഭാഗം പ്രവർത്തകർ കാണിച്ച നിസ്സംഗതയും വോട്ടുചോർച്ചയുമാണ് റിയാസിനെ പാർലമെന്റിന് പുറത്താക്കിയത് എന്ന ആരോപണമുയർന്നു. റിയാസ് എം.കെ. രാഘവനോട് തോറ്റത് വെറും 838 വോട്ടുകൾക്ക്. എം.കെ. രാഘവനും അന്ന് കോൺഗ്രസിനുള്ളിൽനിന്ന് കാലുവാരലിന് ഇരയായിരുന്നുവെന്നത് മറ്റൊരു ചരിത്രം.


