
വെച്ചൂർ പശുവുമായി സഫ്ദർ
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്; സഫ്ദറിന് സമ്മാനം വെച്ചൂർ പശു
text_fieldsപരപ്പനങ്ങാടി: ഇത് സഫ്ദർ. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സിക്ക് എല്ലാവിഷയങ്ങൾക്കും എ-പ്ലസ് നേടിയ മിടുക്കൻ. പി.ഇ.എസ് പരപ്പനാട് കോവിലകം ഹൈസ്കൂളിലെ അധ്യാപകരുടെ ഇഷ്ട വിദ്യാർഥി. എന്നാൽ അതൊന്നുമല്ല സഫ്ദറിനെ വ്യത്യസ്തനാക്കുന്നത്.
എ-പ്ലസ് കിട്ടിയാൽ ബൈക്കും മൊബൈലും ടൂറ് പോകാനുള്ള പണവും ആവശ്യപ്പെടുന്ന ന്യൂജെൻ കൗമാരക്കാർക്കിടയിൽ വേറിട്ട് നിർത്തുന്നത് മറ്റൊന്നാണ്. അത് കാണണമെങ്കിൽ പരപ്പനങ്ങാടി കോവിലകം റോഡിെല 'അസർമുല്ല' യിൽ എത്തിയാൽ മതി. അവിടെ ഒാടിനടക്കുന്ന ഒരു വെച്ചൂർ പശുവിനെക്കാണാം. അതാണ് സഫ്ദറിന് ലഭിച്ച എ-പ്ലസ് സമ്മാനം.
രണ്ടര പതിറ്റാണ്ടായി സംസ്ഥാനത്തെ വീടുകളും കെട്ടിടങ്ങളും ഹാബിറ്റാറ്റ് മാതൃകയിൽ ഡിസൈൻ ചെയ്യുന്ന കബീർ ആണ് മകെൻറ ആഗ്രഹമനുസരിച്ച് പശുവിനെ വാങ്ങിനൽകിയത്.
മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് കിട്ടിയ സന്തോഷത്തിനിടെ അപ്രതീക്ഷിതമായണ് അവൻ സമ്മാനമായി പശുവിനെ ആവശ്യപ്പെട്ടത്. പൊതുവെ വലിയ ആവശ്യങ്ങളൊന്നും ഉന്നയിക്കുന്ന ശീലമില്ലാത്ത മകെൻറ ആവശ്യം കേട്ട് ആദ്യം അമ്പരക്കുകയും കൂടെ സന്തോഷിക്കുകയും ചെയ്ത പിതാവ് വീട്ടുകാരിയുമായി ആലോചിച്ച് ഒരു വെച്ചൂർ പശുവിെന വാങ്ങിനൽകാൻ തീരുമാനിച്ചു. ഏറെ സ്ഥലങ്ങളിൽ അന്വേഷിച്ചശേഷം രാമനാട്ടുകരയിൽ നിന്നായിരുന്നു പശുവിനെ വാങ്ങാനായത്.
റെയിൽപാളത്തിന് സമാന്തരമായ 60 സെൻറ് ഭൂമിയിൽ നിറയെ കൃഷിയാണ്. കപ്പ, വാഴ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി എന്നിവക്ക് പുറമെ വിവിധ ഇനം പഴവർഗ്ഗങ്ങളും ഉണ്ട്. കൂടാതെ തേനീച്ചവളർത്തലും കൂൺ കൃഷിയും ചെറുകുളത്തിൽ മത്സ്യകൃഷിയും ഉണ്ട്.
ലോക് ഡൗണിൽ സ്കൂൾ തുറക്കാതായതോടെ പകൽമുഴുവൻ കൃഷിയുടെ പിറകെ നടക്കുന്നതിനിടയിലാണ് പശുവിനെ സമ്മാനമായി ലഭിച്ചത്. അതോടെ ഇൗ കൊച്ചുകർഷകന് സമയം തികയാതെയായി. പശുവിനെ തീറ്റിയും കൃഷിക്കാവശ്യമായ ജൈവവളം സ്വയം നിർമ്മിച്ചും മുഴുവൻ സമയവും തിരക്കിലാണ് സഫ്ദർ. കൂടെ സഹായിയായും പ്രചോദനമായും ഉമ്മ സാക്കിറയും സഹോദരങ്ങളുമുണ്ട്.