പാക്കേജ് ചോദിച്ചു, കിട്ടിയത് വായ്പ
text_fields2024 ആഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: ഉരുൾദുരന്തം കവർന്ന വയനാടിനായി കേന്ദ്രത്തിന് മുന്നിൽ നിവർത്തിയ ആവശ്യങ്ങളോടെല്ലാം മുഖം തിരിച്ചതിന്റെ ദുരനുഭവങ്ങളാണ് കേരളത്തിനുള്ളത്. മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്തപ്രതികരണ നിധിയിൽ നിന്ന് മുൻകൂർ ഗ്രാന്റ് അനുവദിച്ച കീഴ്വഴക്കമുള്ളപ്പോൾ അപ്രായോഗിക ഉപാധികളോടെ 529.50 കോടി വായ്പയായി അനുവദിച്ചതാണ് ഒടുവിലെ ഉദാഹരണം.
50 വർഷത്തേക്കുള്ള മൂലധനനിക്ഷേപ വായ്പയായിരുന്നു ഇത്; ചെലവഴിക്കലിന് ഒന്നര മാസത്തെ സമയപരിധി മാത്രവും. ഇതാകട്ടെ ദുരന്ത നിവാരണത്തിനുള്ള വകയിരുത്തൽ പോലുമായിരുന്നില്ല. കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളിലെ പ്രത്യേക മൂല ധന നിക്ഷേപങ്ങൾക്കായുള്ള വകയിരുത്തലിൽ ഉൾപ്പെടുത്തിയാണ് 2024 ഫെബ്രുവരിയിൽ വായ്പ പ്രഖ്യാപിച്ചത്. കേന്ദ്രം നിർദേശിച്ച 16 പദ്ധികൾക്കേ ഈ തുക വിനിയോഗിക്കാനുമാകൂ.
ആന്ധ്രയ്ക്കും ബീഹാറിനും ഛത്തീസ്ഘട്ടിനും തെലങ്കാനയ്ക്കും ഉത്തരാഖണ്ഡിനും തമിഴ്നാടിനും സമീപകാലത്ത് ദുരന്തപ്രതികരണ നിധിയിൽ നിന്ന് മുൻകൂർ ഗ്രാന്റ് നൽകിയപ്പോഴാണ് ഈ വിവേചനം. അന്ന് ആന്ധ്രക്ക് 3500 കോടിയും തെലുങ്കാനയ്ക്ക് 3400 കോടിയും തമിഴ്നാടിന് 1900 കോടിയുമാണ് നൽകിയത്.
ഒന്നരമാസം കൊണ്ട് 529.50 ചെലവിടൽ അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പലവട്ടം കേരളം കേന്ദ്രത്തെ സമീപിച്ചു. നീണ്ട കത്തിടപാടുകൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ശേഷം ചെലവഴിക്കലിന് അൽപം കൂടി സാവകാശം അനുവദിച്ചു.
ആവശ്യങ്ങൾക്ക് മുന്നിൽ പതിവ് മുഖംതിരിക്കൽ
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് ശേഷം രക്ഷാദൗത്യത്തിനും പുനരധിവാസത്തിനുമായി ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് അധിക സാമ്പത്തിക സഹായം കേരളം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. 250 ഓളം കോടി രൂപയായിരുന്നു പ്രാഥമിക ആവശ്യം. ഒരു പ്രതികരണവുമുണ്ടായില്ല.
ദുരന്തത്തിനു ശേഷം കൃത്യമായ പഠനം നടത്തി തയ്യാറാക്കിയ പുനരധിവാസ ചെലവുകളായിരുന്നു പാക്കേജ് സ്വഭാവത്തിൽ കേരളം മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആവശ്യം. പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പി.ഡി.എൻ.എ) പ്രകാരം വയനാടിന്റെ പുനർനിർമ്മാണത്തിനും രണ്ട് ടൗൺഷിപ്പുകളുടെ നിർമ്മാണത്തിനുമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 2000 കോടിയുടെ പാക്കേജാണ് ആവശ്യപ്പെട്ടത്. ഇതിന് നേരെയും പതിവ് പോലെ മുഖം തിരിച്ചു.
അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന മെമ്മോറാണ്ടത്തിലെ രണ്ടാമത്തെ ആവശ്യത്തോടും അഞ്ചുമാസം മൗനം തന്നെ. ശേഷം 2024 ഡിസംബർ 30നാണ് വയനാട്ടിലേത് ‘ഗുരുതര സ്വഭാവമുള്ള ദുരന്ത’മായി കേന്ദ്രം പ്രഖ്യാപിക്കാൻ തയ്യാറായത്. ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തങ്ങളെ നാലായി തിരിച്ചതിൽ അവസാനത്തേതാണ് അതിതീവ്രദുരന്തം.
കേന്ദ്രസഹായത്തോടെ കൈകാര്യം ചെയ്യേണ്ടതാണിവ. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവക്ക് ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്ന് കൂടുതൽ സഹായം അനുവദിക്കുകയും വേണം. എന്നാൽ അതിതീവ്രമായി പ്രഖ്യാപിച്ചതല്ലാതെ അനുബന്ധമായി കിട്ടേണ്ട മറ്റ് ആനുകൂല്യങ്ങളിലും മിണ്ടാട്ടമുണ്ടായില്ല. അപ്പോഴും മറ്റ് രണ്ട് ആവശ്യങ്ങളിലും മൗനം തുടർന്നു.
ഒരു വർഷം പിന്നിടുമ്പോഴും സ്ഥിതി അതുതന്നെ. ഇതിനിടെ തങ്ങളുടെ പിടിപ്പുകേട് മറയ്ക്കാൻ മതിയായ രേഖകൾ നൽകിയില്ലെന്ന ആരോപണങ്ങളും ഉന്നയിച്ചു. എന്നാൽ രേഖകൾ സഹിതം മറുപടി നൽകിയതോടെയാണ് ഇത്തരം ആരോപണങ്ങൾ അവസാനിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിനും കൂലി
ഇതിനിടെ വയനാട് ദുരന്ത രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ചതിനും കേരളം സാക്ഷിയായി. വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര് സേവനത്തിന് 120 കോടി വേണമെന്നതായിരുന്നു ആവശ്യം. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യോമസേനയുടെ ബില്ലുകൾ സംസ്ഥാനം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് പലവട്ടം ആശയവിനിമയം നടത്തിയിട്ടും നിലപാട് മാറ്റിയിരുന്നില്ല. ഇതോടെ കേരളത്തിലെ ബി.ജെ.പിയും വെട്ടിലായി.
പണം അടയ്ക്കാൻ വേണ്ടിയല്ല, സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആശയവിനിമയമാണെന്ന നിലയിലാണ് കേന്ദ്രനടപടിയെ സംസ്ഥാന നേതാക്കൾ വ്യാഖ്യാനിച്ച് ലഘൂകരിക്കാൻ ശ്രമിച്ചത്. ഹെലികോപ്ടർ വാടക ഇനത്തിൽ കേന്ദ്രം ആവശ്യപ്പെട്ട 120 കോടി രൂപ ഒഴിവാക്കുന്നത് പരിഗണിക്കണമെന്ന് ഹൈകോടതിയും നിർദേശിച്ചും. ഇതും പിന്നാലെ സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദവും ജനകീയ പ്രതിഷേധത്തിനുമൊടുവിൽ വാടകയിൽ നിന്ന് കേന്ദ്രം പിൻമാറുകയായിരുന്നു.