ജി. സുധാകരന്റെ പ്രസ്താവന: യഥാർഥ പ്രതി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsജി. സുധാകരൻ
ആലപ്പുഴ: 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയെന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ പ്രതിസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷൻ. അക്കാലത്ത് പോസ്റ്റൽ ബാലറ്റുകളിൽ വ്യാപകമായി ഇത്തരം കൃത്രിമം നടന്നിരുന്നുവെന്ന് പഴയ നേതാക്കൾ പറയുന്നു. പോസ്റ്റൽ ബാലറ്റുകളിൽ ഇത്തരം തിരിമറികൾ നടക്കുന്നുവെന്നത് രാഷ്ട്രീയ പാർട്ടികൾ പലതവണ ആരോപണം ഉന്നയിച്ചതുമാണ്. എന്നിട്ടും തടയാൻ കമീഷൻ ഒന്നും ചെയ്തിരുന്നില്ല.
പോസ്റ്റൽ ബാലറ്റിന് അർഹരായവർക്കായി പ്രത്യേക ബൂത്ത് തുറക്കാൻ കമീഷൻ തീരുമാനിച്ചത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു നേരത്തേ പോസ്റ്റൽ വോട്ടിന് അർഹത ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർപട്ടികയുമായി ഭവന സന്ദർശനം നടത്തുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയവരിൽനിന്ന് പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് കൂട്ടമായി കമീഷനെ ഏൽപിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ബാലറ്റുകൾ പൊട്ടിച്ച് കൃത്രിമം കാട്ടുന്നുവെന്ന ആരോപണമാണ് ഉയർന്നിരുന്നത്. ഇത് ഇരുമുന്നണികളും ചെയ്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
വോട്ടർമാർ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിലിട്ട് ഒട്ടിച്ചാണ് വീട്ടിലെത്തുന്ന രാഷ്ട്രീയ പ്രവർത്തകരെ ഏൽപിച്ചിരുന്നത്. ഇത് പൊട്ടിച്ചാണ് കൃത്രിമം കാണിച്ചിരുന്നത്. പുതിയ കവറിലിട്ട് ഒട്ടിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനെ ഏൽപിച്ചിരുന്നത്. ഇപ്പോൾ 80 വയസ്സ് കഴിഞ്ഞവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. ഇതോടെ പാർലമെന്റ്, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സുതാര്യത വന്നു. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കീഴിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ പഴയ രീതിയിൽ കവറിലിട്ട് ഒട്ടിച്ച് നൽകുകയായിരുന്നു.