ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി; ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കം
text_fieldsപമ്പ: ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പ മണപ്പുറത്ത് തുടക്കം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തി. സുപ്രീംകോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞു. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ട്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല.ക്ഷേത്ര വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പണമെടുക്കുന്നില്ല. ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുണ്ട്. പണം കൊടുക്കുന്നത് കാണാതെ, കൊണ്ടു പോകുന്നുവെന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേവസ്വംവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും. ഉച്ചക്ക് 12 മുതല്‍ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി എന്നീ വേദികളിലായി ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേ സമയം ചര്‍ച്ച നടക്കും.
രണ്ട് മുതല്‍ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയുമുണ്ടാകും. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാന വേദിയില്‍ സമാപന സമ്മേളനവും നടക്കും. ഇതിനുശേഷം പ്രതിനിധികള്‍ ശബരിമല ദര്‍ശനം നടത്തും.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് സർക്കാർ പ്രതിനിധികൾ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തിയിട്ടില്ല. കർണാടക, ഡൽഹി, തെലങ്കാന ആന്ധ്ര സർക്കാറുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായി ക്ഷണിച്ചത്. ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ് ഭക്തർ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികളില്ലാത്തത്. സർക്കാർ പ്രതിനിധികൾ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു.
ബോർഡിന് രാഷ്ട്രീയമില്ല. വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം. അതിനാലാണ് രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാന പ്രതിനിധികൾ എത്താത്തതിന് പിന്നിൽ രാഷ്ട്രീയ ചരടുവലികൾ നടന്നതായും ബോർഡ് സംശയിക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിക്കുക 10 അംഗ സംഘമാണ്. പ്രധാന വേദിയായ തത്ത്വമസിയിൽ നടക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിലെ പ്രഫ. ബെജെന്‍ എസ്. കോത്താരി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ(ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതി) എന്നിവരാണ് പാനലിസ്റ്റുകള്‍.
ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍.
മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന് നടക്കും. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.