ഗോ ഫസ്റ്റ് വിമാനം; റദ്ദാക്കിയ സർവിസുകളുടെ ടിക്കറ്റ് തുക തിരിച്ചുനൽകിയില്ല
text_fieldsപഴയങ്ങാടി (കണ്ണൂർ): സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക യാത്രക്കാർക്ക് തിരിച്ചു നൽകിയില്ല. സർവിസ് റദ്ദാക്കി ഒരാഴ്ച പിന്നിട്ടിട്ടും പണം തിരിച്ചുനൽകാതായതോടെ ആഭ്യന്തരയാത്രക്കും വിദേശയാത്രക്കും ടിക്കറ്റെടുത്ത നൂറുകണക്കിന് പേർ ആശങ്കയിലാണ്. മേയ് രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ ആഭ്യന്തര, വിദേശ സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ്, സർവിസ് റദ്ദാക്കൽ തുടരുകയാണ്. മേയ് 30 വരെയുള്ള എല്ലാ ആഭ്യന്തര, വിദേശ സർവിസുകളും റദ്ദാക്കിയ വിവരമാണ് ചൊവ്വാഴ്ച നൽകിയത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇതര എയർലൈനുകളേക്കാൾ യു.എ.ഇ, മസ്കത്ത്, ദോഹ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവിസുകളുണ്ടായത് ഗോ ഫസ്റ്റിലാണ്. അതിനാൽ കണ്ണൂരിൽനിന്ന് ടിക്കറ്റെടുത്തവരാണ് വെട്ടിലായതിൽ ഗണ്യമായ യാത്രക്കാർ.
റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചു നൽകുമെന്നായിരുന്നു നേരത്തെ വിമാന കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം. ബാങ്ക് ട്രാൻസ്ഫർ, യു.പി.ഐ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നൽകിയത്, അതേ സെയിൽസ് പോയന്റിലേക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇതുവരെയും തുക തിരിച്ചു നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവൽ ഏജൻസികൾക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോർട്ടലിൽതന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് ലഭ്യമായ വിവരം.
ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ രീതികൾ ഒഴിവാക്കി പോർട്ടലിലേക്ക് തുക നിക്ഷേപിക്കുന്നത് ട്രാവൽ ഏജൻസികളെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ തുക പോർട്ടലിൽനിന്ന് ഗോ ഫസ്റ്റ് ടിക്കറ്റുകൾ ഇഷ്യൂചെയ്യാൻ മാത്രം ഉപയോഗിക്കേണ്ട ദുരവസ്ഥയാണുള്ളത്.
ജൂൺ, ജൂലൈ മാസങ്ങൾ മുതൽ വിവിധ സർവിസുകൾ നടത്തുന്നതായി ഗോ ഫസ്റ്റ് തങ്ങളുടെ വെബ്സൈറ്റിൽ വിവരം നൽകിയിട്ടുമുണ്ട്. പോർട്ടലിൽ നൽകിയ ക്രെഡിറ്റ് തുക ഉപയോഗിച്ച് ടിക്കറ്റെടുക്കാൻ ശ്രമിച്ചാൽ എല്ലാ സർവിസിലും ടിക്കറ്റ് വിറ്റ് കഴിഞ്ഞതായ സോൾഡ് ഔട്ട് സന്ദേശമാണ് ലഭിക്കുന്നത്.
തുക തിരിച്ചുനൽകാതെ കോടിക്കണക്കിനു രൂപ മാസങ്ങളോളം പോർട്ടലിൽ മരവിപ്പിച്ചുനിർത്താനുള്ള അടവ് നയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം. 6521 കോടി രൂപയുടെ ബാങ്ക് ബാധ്യതയുണ്ടെന്നാണ് പാപ്പരാകാനുള്ള അപേക്ഷയിൽ കമ്പനി ചൂണ്ടിക്കാണിച്ചത്. വായ്പയെടുത്ത ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക്, ഐ.ഡി.ബി.ഐ, ആക്സിസ് ബാങ്ക്, ഡോയിഷെ എന്നീ ബാങ്കുകൾക്ക് വിവരമൊന്നും നൽകാതെയാണ് വാഡിയ ഗ്രൂപ്പിന്റെ ഗോ ഫെസ്റ്റ് പാപ്പരത്ത നടപടിക്ക് അപേക്ഷ നൽകിയത്.