ബെഹ്റക്ക് പുതിയ ലാവണം ഒരുക്കാൻ സർക്കാർ
text_fieldsകോട്ടയം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് അടുത്ത മാസം 30ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റക്ക് സർക്കാർ പുതിയ ലാവണം ഒരുക്കുന്നു. സി.ബി.ഐ ഡയറക്ടർ നിയമന പാനലിൽനിന്ന് പുറത്തായതോടെയാണ് ബെഹ്റക്കായി സംസ്ഥാന സർക്കാർ ഏറ്റവും മികച്ച ലാവണംതന്നെ അേന്വഷിക്കുന്നത്. പൊലീസ് ഉപദേഷ്ടാവ് സ്ഥാനം പരിഗണിക്കുന്നുണ്ടെങ്കിലും ഇത്തവണ ഉപദേഷ്ടാവിനെ മുഖ്യമന്ത്രി വേണ്ടെന്നുവെച്ചാലും പകരം കൊച്ചി ആസ്ഥാനമായ രണ്ട് സുപ്രധാന സ്ഥാപനങ്ങളിൽ ഒന്നിൽ ബെഹ്റയെ പരിഗണിക്കാനാണ് ആലോചന.
നേരേത്ത മുതൽ പറഞ്ഞുകേൾക്കുന്ന കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) എം.ഡി സ്ഥാനത്തിന് പുറമെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ടത്രെ. സിയാൽ എം.ഡി വി.ജെ. കുര്യന് പകരം ബെഹ്റയെ നിയമിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്. എന്നാൽ, സീനിയർ െഎ.എ.എസ് ഉദ്യോഗസ്ഥനായ െക.ആർ. േജ്യാതിലാൽ അധികച്ചുമതല വഹിക്കുന്ന കൊച്ചി മെട്രോ എം.ഡി സ്ഥാനവും ബെഹ്റക്കായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. വിരമിച്ചാൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കാനാണ് ബെഹ്റക്ക് താൽപര്യം. ഇക്കാര്യം അദ്ദേഹം സർക്കാറിനെയും അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ പട്ടിക ലഭിക്കുന്ന മുറക്ക് പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികളിലാണ് സർക്കാർ. കേന്ദ്രം നൽകുന്ന പട്ടികയിൽ സർക്കാറിന് താൽപര്യമില്ലാത്തവർ ഉൾെപ്പട്ടാൽ ഇഷ്ടമുള്ള ഉദ്യോഗസ്ഥന് ഡി.ജി.പി ചുമതല നൽകി (ഇൻ ചാർജ് ഡി.ജി.പി) നിയമിക്കാനും സർക്കാർ മടിക്കില്ല. 1987 മുതൽ '91 വരെയുള്ള ബാച്ചിലെ 12 ഉദ്യോഗസ്ഥരാണ് പട്ടികയിൽ. മൂന്ന് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ വിരമിക്കുന്നതിനാൽ പൊലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണിയും വൈകാതെ ഉണ്ടാകും.