Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുറത്താക്കാൻ...

പുറത്താക്കാൻ തീരുമാനിച്ച സംഘ്പരിവാർ അനുകൂല അഭിഭാഷകന് സർക്കാർ സംരക്ഷണം; കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സ്റ്റേ ചെയ്തു

text_fields
bookmark_border
പുറത്താക്കാൻ തീരുമാനിച്ച സംഘ്പരിവാർ അനുകൂല അഭിഭാഷകന് സർക്കാർ സംരക്ഷണം; കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സ്റ്റേ ചെയ്തു
cancel

മലപ്പുറം: കടുത്ത വിദ്വേഷപ്രചാരകനും സംഘ്പരിവാർ അനുകൂല അഭിഭാഷകനുമായ അഡ്വ. ആർ കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കോൺസൽ സ്ഥാനത്ത് നിന്ന് മാറ്റിയ യുഡിഎഫ് ഭരണസമിതി തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്റ്റേ ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഐകക​ണ്ഠ്യേന എടുത്ത തീരുമാനമാണ് സ്റ്റേ ചെയ്തത്.

പഞ്ചായത്തിന്‍റെ കേസുകള്‍ സമര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. കൃഷ്ണരാജിനെ തുടരാന്‍ അനുവദിക്കണമെന്ന് മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടറും ശിപാർശ നല്‍കിയിരുന്നു.

സംഘ്പരിവാർ പ്രവർത്തകൻ അഡ്വ. കൃഷ്ണരാജിനെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. തങ്കമ്മ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വ്യവഹാരങ്ങൾ അനന്തമായി നീണ്ടുപോകാതെ കോടതിയിൽ കൃത്യതയോടെയും വ്യക്തതയോടെയും കണിശതയോടെയും സമർത്ഥമായും വാദിച്ച് ഗ്രാമപഞ്ചായത്തിന് അനുകൂല കോടതി വിധികൾ നേടിയെടുക്കുന്ന വ്യക്തിയാണ് കൃഷ്ണരാജെന്ന് സെക്രട്ടറി ​റിപ്പോർട്ട് നൽകുകയായിരുന്നു.

മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ കൃഷ്ണരാജിന്റെ നിയമനം ഏറെ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് നല്‍കിയ ഹരജിയ്‌ക്കെതിരെ നല്‍കിയ തടസ ഹരജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നതും കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

ആർ കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും ബോർഡിനു മുന്നിലേക്ക് കൃഷ്ണ രാജിന്റെ പേര് നിർദേശമായി വന്നപ്പോൾ അംഗീകരിക്കുകയായിരുന്നുവെന്നും നേരത്തെ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കൃഷ്ണരാജിന്റെ പേര് മുന്നോട്ട് വെച്ചത് സി.പി.എം നേതാവ് ഷെറോണ റോയിയുടെ ഭർത്താവായ മുൻ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് അടക്കമുള്ളവരാണെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. ‘നേരത്തെയുള്ള അഭിഭാഷകൻ കേസ് കൃത്യമായി നടത്തിയിരുന്നില്ല. അങ്ങനെയാണ് അഭിഭാഷകനെ മാറ്റിയത്. കൃഷ്ണ രാജിന്റെ നിയമനത്തിൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് രാഷ്ട്രീയമായി ഇടപെട്ടുവെന്ന സംശയമുണ്ട്. കൃഷ്ണ രാജിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലായപ്പോഴാണ് മാറ്റാൻ തീരുമാനിച്ചത്’ -പ്രസിഡന്റ് വിശദീകരിച്ചു.

സംഘപരിവാര്‍ അനുകൂലി അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിച്ചതില്‍ വിശദീകരണവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരുന്നു. കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ നിലമ്പൂര്‍ ബിഡിഒയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെ വിവാദത്തില്‍പ്പെടുത്താന്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ പറഞ്ഞിരുന്നു.

കൃഷ്ണരാജിന്റെ നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്തുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ്:

1. മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ആർ. കൃഷ്ണരാജിനെ മാറ്റുന്നതിന് പരാമർശം (1) പ്രകാരം വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തിന്മേൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് പരാമർശം (2) പ്രകാരം വഴിക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

2. വഴിക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ 31.12.2024-ലെ 1/1 നമ്പർ തീരുമാനപ്രകാരമാണ് അഡ്വ. ആർ. കൃഷ്ണരാജ് -നെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിക്കുന്നതിന് തീരുമാനിച്ചിരുന്നത്. ടിയാന്റെ സേവനം തൃപ്തികരമല്ലെന്ന് വിലയിരുത്തി, ടിയാനെ മാറ്റുന്നതിന് 28.06.2025-ലെ 19/1 നമ്പർ തീരുമാനപ്രകാരം ഐകകണ്ഠേന തീരുമാനിക്കുകയുണ്ടായി. ആർ. കൃഷ്ണരാജിന് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട കേസുകളിൽ പഞ്ചായത്തിൻ്റെ വാദങ്ങൾ ബഹു. കേരള ഹൈക്കോടതി മുമ്പാകെ കൃത്യമായി ബോധിപ്പിക്കുന്നതിന് സാധിക്കുന്നില്ലെന്നും അതിനാൽ കേസുകൾ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വക്കിൽ ഫീസ് ഇനത്തിൽ അനുവദനീയമായ പരമാവധി തുകയായ 15,000/- രൂപയിൽ കൂടുതൽ വക്കിൽ ഫീസുള്ള ടിയാന് പ്രസ്തുത തുക നൽകുന്നതിന് വകുപ്പിന്റെ അനുമതി ആവശ്യമുണ്ടെന്നും കേസുകൾ അനന്തമായി നീണ്ടു പോകുന്നത്, ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതായും പഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടിട്ടുള്ളതായും നിലവിൽ ആശാവഹമായ രീതിയിൽ വ്യവഹാരങ്ങൾ കൈകാര്യം ചെയ്തുവരുന്ന കൗൺസിലിനെ നീക്കം ചെയ്യുന്നത് ഗ്രാമപഞ്ചായത്തിന് കൂടുതൽ വിഷമതകൾ സൃഷ്ടിച്ച് ഹാനികരമായി ഭവിക്കുമെന്നും ഉപരിയായി നിലവിൽ പ്രസ്തുത വ്യവഹാരങ്ങളുടെ ഗതി വഴിക്കടവ് ഗ്രാമപഞ്ചായത്തിന് അനുകൂലമാണെന്നിരിക്കെ ടിയാനെ നീക്കം ചെയ്യുന്നത് വഴിക്കടവ് ഗ്രാമപഞ്ചായത്തിന് ദോഷകരവും വഴിക്കടവ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ ആനമറി എന്ന സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ബഹുനില വാണിജ്യ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ പെറ്റീഷണർക്ക് ഏറെ സഹായകരമായി ഭവിക്കുമെന്നും കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും കാണുന്നു. പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് ടി തീരുമാനം 10.07.2025-ലെ യോഗത്തിൽ പുനരവലോകനം ചെയ്തെങ്കിലും മുൻതീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിന് പരാമർശം (1) പ്രകാരം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതാണെന്ന് പരാമർശം (2) പ്രകാരം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യവഹാരങ്ങൾ അനന്തമായി നീണ്ടുപോകാതെ കോടതിയിൽ കൃത്യതയോടെയും, വ്യക്തതയോടെയും കണിശതയോടെയും സമർത്ഥമായും വാദിച്ച് ഗ്രാമപഞ്ചായത്തിന് അനുകൂല കോടതി വിധികൾ നേടിയെടുക്കുന്ന വ്യക്തിയാണ് നിലവിലുള്ള ഗ്രാമ പഞ്ചായത്ത് കൗൺസിലായ അഡ്വ. ആർ. കൃഷ്ണരാജെന്നും അതിനാൽ കേസുകൾ അനന്തമായി നീണ്ടുപോയി ഗ്രാമപഞ്ചായത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകാനുള്ള സാഹചര്യം ഇല്ലെന്നും പരാമർശം (2) പ്രകാരം വഴിക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

3. വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഉടമസ്ഥരും പഞ്ചായത്തും ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) 182522/2022, WP(C) 35945/2023, WP(C) 28844/2024, WP(C) 12655/25, WP(C) 44282/2024 ๑ ๕ ๑๗๓ അവയിൽ ഉണ്ടായിട്ടുള്ള താൽക്കാലിക ഉത്തരവുകളും പുനഃപരിശോധിക്കുന്നതിനായി പഞ്ചായത്ത് നൽകിയ റിവ്യൂ പെറ്റീഷനും (RP394/2025) വിശദമായി വാദം കേട്ട് തീർപ്പാക്കുന്നതിലേക്കായി 2025 സെപ്തംബർ മൂന്നാം വാരത്തിലേക്ക് ബഹു. ഹൈക്കോടതി മാറ്റി വെച്ചിട്ടുള്ളതാണെന്നും WP(C) 18252/2022 നമ്പർ കേസിലെ IA 1/2025-ലെ 29/07/2025 തീയതിയിലെ ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ മുൻ അഭിഭാഷകൻ കെട്ടിടത്തിൻ്റെ വശങ്ങളിലെ തുറസ്സായ സ്ഥലവുമായി ബന്ധപ്പെട്ട അപാകത ചൂണ്ടിക്കാണിക്കാൻ പരാജയപ്പെട്ടുവെന്ന് പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ടെന്നും ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവ് പുനഃപരിശോധിക്കുന്നതിന് അപ്പീൽ ഫയൽ ചെയ്യുന്നതിന് മുൻ അഭിഭാഷകനോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അത് ചെയ്തിട്ടില്ലെന്നും മുൻ അഭിഭാഷകന്റെ പരാജയം കാരണം, പ്രതികൾ ഒരു ഇടക്കാല ഉത്തരവ് നേടുകയും ചെയ്തുവെന്നും തുടർന്നാണ് ഈ കേസുകൾ നടത്തുന്നതിന് അഡ്വ. ആർ. കൃഷ്ണരാജിനെ ചുമതലപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചതെന്നും WP(C) 18252/2022-ലെ കേസ് ഹിയറിംഗിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ, ടിയാൻ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായതിനുശേഷം കേസുകൾ പതിവായി പോസ്റ്റ് ചെയ്തതായും കേസുകൾ മാറ്റി വയ്ക്കാൻ ശ്രമിച്ചിട്ടില്ലാത്തതായും കാണാൻ കഴിയുംമെന്നും അഡ്വ ആർ. കൃഷ്ണരാജ് മികവുറ്റ രീതിയിൽ കേസുകൾ കൈകാര്യം ചെയ്തതായും ഗ്രാമപഞ്ചായത്തിന്റെ വാദഗതികൾ സമർത്ഥമായും ശക്തിയുക്തമായും അവതരിപ്പിക്കുന്നതായും മലപ്പുറം ജില്ലാ ജോയിൻറ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സാഹചര്യത്തിൽ മറ്റൊരു സ്റ്റാൻറിംഗ് കൗൺസലിനെ നിയമിക്കുന്നത് ഗ്രാമപഞ്ചായത്ത് താൽപ്പര്യങ്ങൾക്കും പ്രസ്തുത കേസ് സംബന്ധിച്ച തുടർവാദങ്ങൾക്കും തിരിച്ചടിയാകും എന്നുള്ളതിനാൽ കേസിന്റെ അന്തിമ വാദം പൂർത്തിയാകുന്നതു വരെ നിലവിലെ സ്റ്റാൻഡിംഗ് കൗൺസലിനെ മാറ്റുന്നത് ഉചിതമാകില്ലെന്ന സെക്രട്ടറിയുടെ അഭിപ്രായം അംഗീകരിക്കാവുന്നതാണെന്നും പരാമർശം (3) പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

4. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പരാമർശം (1) തീരുമാനം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ സെക്ഷൻ 191(4) പ്രകാരം സ്റ്റേ ചെയ്തും സെക്ഷൻ 191(2) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ബഹു. ട്രൈബ്യൂണലിന് റഫർ ചെയ്തും ഉത്തരവാകുന്നു.










Show Full Article
TAGS:adv Krishnaraj vazhikkadavu Hate Speech Malayalam News 
News Summary - Government protects pro-Sangh Parivar lawyer Krishnaraj vazhikkadavu standing council post
Next Story