ഹിമാചൽ വൈദ്യുതി വേണ്ട, കെഎസ്ഇബി നിലപാട് തള്ളി സർക്കാർ; ജിഎൻഎയിൽ നിന്ന് 500 മെഗാവാട്ട് വാങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധി നേരിടാൻ മാർച്ച് 31 വരെ ജി.എൻ.എ എനർജി ഒ.ടി.സി പ്ലാറ്റ്ഫോമിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനം.
കൂടുതൽ ഉയർന്ന വിലയുള്ള ഹിമാചൽ വൈദ്യുതി വാങ്ങേണ്ടെന്നും തീരുമാനമുണ്ട്. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ നിലപാട് സർക്കാർ തള്ളുകയാണ് ചെയ്തത്.
മാർച്ച് 31 വരെ വിവിധ സമയങ്ങളിലായി 8.63 രൂപ, 8.90 രൂപ നിരക്കിലാണ് സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങുക. യൂനിറ്റിന് 14.50 രൂപ നിരക്കിലാണ് ഹിമാചൽ വൈദ്യുതി നൽകാമെന്ന് പറഞ്ഞത്.
700 മുതൽ 1,280 മെഗാവാട്ട് വരെയാണ് അവരുടെ വാഗ്ദാനം. മേയ് മാസം വരെ നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ, ജി.എൻ.എയുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്ന നിരക്കാണ്.
അതേസമയം, പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി നൽകാമെന്ന നിർദേശം ഹിമാചലിന്റേതാണെന്നാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ പറയുന്നത്.
കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ കത്തിലും സമാന സൂചനകളാണുള്ളത്. ജി.എൻ.എ വൈദ്യുതി വാങ്ങിയാൽ പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി വേറെ വാങ്ങേണ്ടി വരുമെന്നും ഇത് അധികബാധ്യത വരുത്തുമെന്നുമാണ് കെ.എസ്.ഇ.ബി നിലപാട്. ഇത് മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി.
പീക്ക് സമയത്തേക്ക് കൂടുതൽ വൈദ്യുതി ജി.എൻ.എ ആണ് വാഗ്ദാനം ചെയ്തതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ എൻ.ടി.പി.സി നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നാണ് മുഖ്യമന്ത്രി സൂചന നൽകിയത്.
ഹിമാചലിന്റെയും ജി.എൻ.എയുടെയും വാഗ്ദാനം വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. അത് പരിശോധിച്ച ശേഷമാണ് ജി.എൻ.എ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യത്തെ മാറ്റിയത് ഈ വൈദ്യുതി വാങ്ങലിന്റെ പേരിലാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഹിമാചൽ പറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങിയാൽ സംസ്ഥാന സർക്കാറിന് 2,232 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഹിമാചൽ വൈദ്യുതിക്ക് യൂനിറ്റിന് 14.50 രൂപയാണ് നൽകേണ്ടത്. ജി.എൻ.എ 8.63 രൂപ, 8.90 രൂപ നിരക്കിലാണ് നൽകുക.
ഹിമാചലിന്റെ വൈദ്യുതിയാണെങ്കിലും പവർ ട്രേഡിങ് കോർപറേഷൻ വഴിയാണ് ലഭിക്കുക. അവർക്കുള്ള കമീഷനടക്കമാണ് 14.50 രൂപ. ഈ വിലയും ജി.എൻ.എ വിലയും നോക്കിയാൽ യൂനിറ്റിന് 5.50 മുതൽ ആറുരൂപ വരെ വ്യത്യാസമുണ്ട്.
വൈദ്യുതി ബോർഡ് ചെയർമാന്റെ മാറ്റം സ്വാഭാവിക നടപടിയണെന്നും വൈദ്യുതി വാങ്ങലുമായി ബന്ധമില്ലെന്നും സതീശൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


