പൊലീസ് വാഹനങ്ങൾക്ക് അസാധാരണ അറ്റകുറ്റപ്പണി: സർക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: പൊലീസ് വാഹനങ്ങൾക്ക് അസാധാരണ അറ്റകുറ്റപ്പണി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് റിപ്പോർട്ട്. തൃശൂർ പൊലീസ് അക്കാഡമി, തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ്, കൊല്ലം എ.ആർ. ക്യാമ്പ് എന്നിവിടങ്ങളിലെ മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങുകളിലാണ് പരിശോധന നടത്തിയത്. ഒരു വാഹനത്തിന് ഒരു വർഷം സാധാരണയായി ഉണ്ടകാൻ സാധ്യതയുള്ള അറ്റകുറ്റപ്പണികൾക്കു പുറമേ അതിന്റെ പതിന്മടങ്ങ് അറ്റകുറ്റപ്പണികൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ സർക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച് തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ്, കൊല്ലം എ.ആർ ക്യാമ്പ്, കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നും വിശദീകരണം വാങ്ങുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് വലിയൊരു തുക സർക്കാറിൽ നിന്നും ചെലവായി. അതിനാൽ വകുപ്പിന് അംഗീകൃതമല്ലാത്ത വർക്ഷോപ്പുകളിൽ അറ്റകുറ്റപ്പണി ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ വകുപ്പുതല അനുമതിയോട് കൂടി മാത്രം ഈ പ്രവർത്തികൾ ചെയ്യാൻ നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.
എല്ലാ സ്ഥാപനങ്ങളിലും മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങുകൾ ഉണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി ഈ വിങ്ങുകളിൽ തന്നെ വർക്ഷോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ചെയ്യുവാൻ പറ്റാത്ത അറ്റകുറ്റപ്പണികൾ പുറത്ത് അംഗീകൃത വർക്ഷോപ്പുകളിലാണ് ചെയ്യേണ്ടത്. അതിനുവേണ്ടി ഏതാനും വർക്ഷോപ്പുകളെ അംഗീകൃത വർക്ഷോപ്പുകളായി തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ അംഗീകൃത വർക്ഷോപ്പുകളിൽ അറ്റകുറ്റപണികൾ ചെയ്യുന്നതിന് പുറമേ മറ്റുപല വർക്ഷോപ്പുകളിൽ നിന്നും ചട്ടവിരുദ്ധമായി പണികൾ ചെയ്തിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി. ട്രാൻസ്പോർട്ട് വിങ്ങിലെ വർക്ഷോപ്പിൽ ചെയ്യുവാൻ പറ്റുന്ന ചെറിയ പണികൾ പോലും അംഗീകൃതമല്ലാത്ത വർക്ഷോപ്പിൽ ചെയ്തിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.
കൊല്ലം എ.ആർ. ക്യാമ്പിലെ പരിശോധനയിൽ ഒരു വർഷം സാധാരണയായി ഉണ്ടകാൻ സാധ്യതയുള്ളതിനേക്കാൾ വലിയ തോതിൽ അറ്റകുറ്റപ്പണി നടന്നുവെന്ന് വ്യക്തമായി. ക്യാമ്പിൽ രണ്ടു വർഷത്തെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച ഫയലുകളാണ് പരിശോധിച്ചത്. ഇതിൽ അസാധാരണമായ നിലയിൽ വാഹനങ്ങൾ അറ്റകുറ്റപ്പണി ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഇക്കാര്യത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ പരിശോധന നടത്തിയ മൂന്ന് സ്ഥാപനങ്ങളിലും വളരെയധികം വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി. സ്വന്തം വിങ്ങിന് തന്നെ ചെയ്യുവാൻ കഴിയുന്ന പല പ്രവർത്തികളും അംഗീകൃതമല്ലാത്ത വർക്ഷോപ്പുകളിലാണ് ചെയ്തത്. അംഗീകൃത വർക്ഷോപ്പുകളിൽ അല്ലാതെ ധാരാളം പ്രവർത്തികൾ മറ്റു വർക്ഷോപ്പുകളിൽ നടത്തിയിട്ടുള്ളതായും കണ്ടെത്തി.
തിരുവനന്തപുരം പൊലീസ് ട്രയിനിങ് കോളജ്, കൊല്ലം എ.ആർ. ക്യാമ്പ് എന്നിവിടങ്ങളിൽ 15 വർഷ കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾ കണ്ടം ചെയ്യുവാനുള്ളതായി കണ്ടെത്തി. അടിയന്തരമായി ഇവ കണ്ടം ചെയ്യാൻ നടപടി സ്വീകരിക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.