ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം, വീഴ്ച സമ്മതിച്ച് ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട്
text_fieldsകണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നത് ശരിവെച്ച് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. കൊടുംകുറ്റവാളി മാസങ്ങൾ നീണ്ട പ്രയത്നത്തിൽ രക്ഷപ്പെട്ടത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അറിയാതെ പോയതിന് ന്യായീകരണമില്ലെന്നും ജയിൽവകുപ്പ് നോർത്ത് സോൺ ഡി.ഐ.ജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. റിപ്പോർട്ട് ജയിൽവകുപ്പ് മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് സമർപ്പിച്ചു.
അതേസമയം, ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സി.സി ടി.വി ദൃശ്യങ്ങൾ ചോർന്നത് അതിഗൗരവമുള്ള വിഷയമാണെന്നും സുരക്ഷയെ ബാധിക്കുന്നതാണെന്നും ഇതന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജയിലിൽ ആവശ്യത്തിന് ജീവനക്കാരില്ല എന്നത് ശരിയാണെങ്കിലും തടവുകാരൻ രക്ഷപ്പെട്ടതിന് ന്യായീകരണമില്ല. സി.സി ടി.വി നിരീക്ഷണം കൃത്യമായി നടന്നിരുന്നെങ്കിൽ ജയിൽചാട്ടമൊഴിവാക്കാൻ കഴിയുമായിരുന്നു.
സെൻട്രൽ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 150 അസി. പ്രിസൺ ഓഫിസർമാർ വേണ്ടതായ ജയിലിൽ 106 പേരാണുള്ളത്. ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരുടെയും ഒഴിവുണ്ട്. സുരക്ഷ മതിലിന്റെ മുകളിലുള്ള ഇരുമ്പുവേലിയിൽ വൈദ്യുതി കടത്തിവിടാത്തത് വീഴ്ചയാണ്. ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കണം. ജയിലിനകത്തും പുറത്തുമുള്ള സി.സി ടി.വികൾ പലതും തകരാറിലാണ്. താങ്ങാവുന്നതിലേറെ തടവുകാരെ എത്തിക്കുന്നത് സുരക്ഷയെ ബാധിക്കുന്നു. 943 തടവുകാരെ താമസിപ്പിക്കേണ്ട ജയിലിൽ 1200ഓളം പേരാണുള്ളത്.
അതിസുരക്ഷയുള്ള 10ാം ബ്ലോക്കിലെ 66 സെല്ലുകളിലായി 66 തടവുകാർ താമസിക്കേണ്ട സ്ഥാനത്ത് നൂറിനടുത്ത് പേർ കഴിയുന്നത് ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച 1.15ന് സെല്ലിലെ അഴികൾ മുറിച്ച ഗോവിന്ദച്ചാമി രാവിലെ അഞ്ചരയോടെയാണ് പ്രധാന മതിൽ ചാടി പുറത്തെത്തിയത്.
ഒരാൾക്കുകൂടി സസ്പെൻഷൻ കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യത
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. സംഭവ ദിവസം ലോക്കപ്പ് ഓഫിസർ ആൻഡ് നൈറ്റ് റൗണ്ട് ഓഫിസറുടെ ചുമതല വഹിച്ചിരുന്ന അസി. സൂപ്രണ്ട് കെ.സി. റിജോയെയാണ് സസ്പെൻഡ് ചെയ്തത്. നോർത്ത് സോൺ ഡി.ഐ.ജിയുടെ ശിപാർശയിലാണ് നടപടി. ഗോവിന്ദച്ചാമി ജയിൽ ചാടിയ ദിവസംതന്നെ മൂന്നുപേരെ നോർത്ത് സോൺ ഡി.ഐ.ജി സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് ശിപാർശ നൽകിയെങ്കിലും ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.
മേൽനോട്ട ചുമതലയിൽ ഇയാളുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ഉത്തരവിലുള്ളത്. ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ജയിൽചാട്ടം അന്വേഷിച്ച ഡി.ഐ.ജിയുടെ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച് ശിപാർശയുണ്ടെന്നാണ് സൂചന.