‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ...’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി
text_fieldsകണ്ണൂർ: ‘നമ്മള് ശബ്ദം കേട്ട് വരുമ്പോൾ ഇയാൾ ഈ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുകയാണ്’ -ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടിക്കാനുള്ള തെരച്ചിലിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി സംഭവം വിശദീകരിച്ചു.
‘നമ്മൾ എത്തിയപ്പോൾ അയാൾ കയറുന്നില്ല. ആ ഒറ്റക്കൈ കൊണ്ട് ഇയാൾ ഇത്രയും സാഹസം കാണിച്ചത്. ഇത്രയും നൊട്ടോറിയസ് പ്രതി ജയിൽ ചാടണമെങ്കിൽ സിസ്റ്റത്തിന്റെയും ജയിൽ സംവിധാനത്തിന്റെയും പരാജയമാണ്. പ്രതികൾ കൂളായി രക്ഷപ്പെടുന്ന അവസ്ഥയാണ്. സമൂഹം ആകെ വെറുക്കുന്ന പ്രതി മുന്നിൽ നിൽക്കുമ്പോൾ കൈകാര്യംചെയ്യാൻ പറ്റാതെ വല്ലാത്ത മാനസികാവസ്ഥയായിരുന്നു’ -അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പത് മണിമുതൽ ജയിൽ ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും തിരച്ചിലിൽ പങ്കാളിയായിരുന്നുവെന്നും കിണറ്റിൽനിന്ന് പുറത്തെടുക്കുന്നത് വരെ ഒപ്പമുണ്ടായിരുന്നുവെന്നും റിജിൽ പറഞ്ഞു.
ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ട് കിണറ്റിലൊളിച്ച ഗോവിന്ദച്ചാമിയെ നാട്ടുകാരും ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഒറ്റകൈയിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്. മുകളിൽ എത്താറായപ്പോൾ കിണറ്റിൻകരയിൽ കൂടിനിന്നവർ മുഖത്തടിക്കുകയും തലമുടിയും കാൽപാദവും പിടിച്ചുവലിക്കുകയും ചെയ്തു.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.