ഗ്രീൻഫീൽഡ് പാത; ഒരു കിലോമീറ്റർ നിർമാണത്തിന് ചെലവ് 66 കോടി രൂപ
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കാൻ ഏകദേശം 66 കോടി രൂപ ചെലവ് വരുമെന്ന് പ്രോജക്റ്റ് തയാറാക്കിയ സാങ്കേതിക വിദഗ്ധർ. 53 ദശലക്ഷം ലിറ്റർ വെള്ളം റോഡ് നിർമാണത്തിന് ആവശ്യമായിവരും. 600 തൊഴിലാളികൾക്ക് രണ്ടര വർഷക്കാലം താൽക്കാലിക തൊഴിൽ ലഭ്യമാകും. വനഭൂമിയും ചതുപ്പുനിലങ്ങളും തിരക്കേറിയ പട്ടണങ്ങളും ഒഴിവാക്കി നിർമിക്കുന്ന പാതക്ക് 7938 കോടി രൂപയാണ് മൊത്തം നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
456 ഹെക്ടർ പ്രദേശത്താണ് ആറ് വരി ഗ്രീൻഫീൽഡ് പാത നിർമിക്കുക. 83.29 ശതമാനം കൃഷിഭൂമിയിലൂടെയാണ് പാത കടന്നുപോകുക. എൻ.എച്ച് 544, എൻ.എച്ച് 66 പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയാവും ഗ്രീൻഫീൽഡ് ഹൈവെ. തുടക്കത്തിൽ സ്ഥലമെടുപ്പിന് നാല് ഡെപ്യൂട്ടി തഹസിൽദാറുമാരെയാണ് നിയമിച്ചിരുന്നത്.
ഇവർക്ക് കീഴിൽ ഏഴ് റവന്യൂ ഉദ്യോഗസ്ഥരെയും അനുബന്ധ ജോലികൾക്ക് ചുമതലപ്പെടുത്തി. ജില്ലയിൽ കരിമ്പ, മരുതറോഡ് വില്ലേജുകളിലാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ പൂർത്തിയാക്കിയത്. ഭൂമി പരിശോധന സർവേ, മണ്ണിന്റെ ഗുണനിലവാര പരിശോധന, വനഭൂമി വിശദപഠനം എന്നിവയും നടത്തി. നഷ്ടപരിഹാര തുക വിതരണം പുരോഗമിക്കുകയാണ്.