ശബ്ദസന്ദേശം ചോർന്നതിനു പിന്നിൽ സി.പി.എമ്മിലെ ഗ്രൂപ്പിസം
text_fieldsതൃശൂർ: സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ വൻകിട ഡീലർമാരാണെന്ന രീതിയിലുള്ള ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായത് സി.പി.എമ്മിലെ ഗ്രൂപ്പിസം മൂലം. പാർട്ടി നേതാക്കൾ തമ്മിലെ തർക്കമാണ് അഞ്ചു വർഷം മുമ്പ് റെക്കോഡ് ചെയ്യപ്പെട്ട സന്ദേശം പുറത്തുവരാൻ കാരണമായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ കാലത്ത് റെക്കോഡ് ചെയ്യപ്പെട്ട സന്ദേശം നടത്തറ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ സമയത്താണ് ചോർന്നത്. കരുവന്നൂർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച ചർച്ചകൾ ശക്തമായി ഉയർന്ന സമയത്താണ് ഇപ്പോൾ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായ ശരത്പ്രസാദ് സി.പി.എം നേതാക്കളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്.
അന്ന് കൂടെയിരുന്ന സഖാക്കൾതന്നെയാണ് റെക്കോഡ് ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തതെന്നാണ് ശരത്ചന്ദ്രനുമായി ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള സഹകരണ സംഘങ്ങളിലെ അഴിമതി സംബന്ധിച്ച് പാർട്ടി പ്രാദേശിക നേതാവ് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഏഴു സഹകരണ സംഘങ്ങളിൽ അഴിമതി നടന്നതായി കാണിച്ച് നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനാണ് രംഗത്തെത്തിയത്. നടത്തറ പഞ്ചായത്ത് കാർഷിക-കാർഷികേതര തൊഴിലാളി സഹകരണ സംഘം, കൊഴുക്കുള്ളി കൺസ്യൂമർ സഹകരണ സംഘം, അയ്യപ്പൻകാവ് കാർഷിക- കാർഷികേതര സഹകരണ സംഘം, മൂർക്കനിക്കര സർവിസ് സഹകരണ ബാങ്ക്, റബർ ടാപ്പിങ് സഹകരണ സംഘം തുടങ്ങിയവയിൽ അഴിമതിയുണ്ടെന്നാണ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗംകൂടിയായ നിബിൻ ശ്രീനിവാസൻ ആരോപിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസങ്ങൾമുമ്പ് പരാതി നൽകിയതായും പറയുന്നു. എന്നാൽ, ഇതിനുപിന്നാലെ നിബിൻ ശ്രീനിവാസനെ സി.പി.എം ഏരിയ കമ്മിറ്റിയിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതായും പറയുന്നു. ഈ ആരോപണത്തിൽ സി.പി.എം പ്രതിരോധത്തിലായതിനിടെയാണ് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ ശബ്ദസന്ദേശവും പുറത്തുവരുന്നത്. ഇതോടെ കരുവന്നൂർ ബാങ്ക് ക്രമക്കേട് വീണ്ടും ചർച്ച ചെയ്യപ്പെടുന്ന അവസ്ഥയുമായി.
ശരത്പ്രസാദിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്ന എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, അനൂപ് കാട എന്നിവർ കരുവന്നൂർ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. 2023ൽ സഹപ്രവർത്തകയുടെ പരാതി അടക്കം വിഷയങ്ങളെ തുടർന്ന് എൻ.വി. വൈശാഖനെ നീക്കിയതിനെ തുടർന്നാണ് ജോയന്റ് സെക്രട്ടറിയായിരുന്ന ശരത് പ്രസാദിനെ സെക്രട്ടറിയായി നിയോഗിച്ചത്.
നിബിൻ ശ്രീനിവാസനെ സി.പി.എം പുറത്താക്കി
നടത്തറ: നടത്തറ മുൻ ഗ്രാമപഞ്ചായത്തംഗം നിബിന് ശ്രീനിവാസനെ സി.പി.എം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കി. നടപടി മണ്ണുത്തി ഏരിയ കമ്മിറ്റി അംഗീകരിച്ചു. കുറച്ച് നാളുകളായി പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവരുകയും നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെടുത്തത്.
നിബിന് മുമ്പ് ഡി.വൈ.എഫ്.ഐ ഭാരവാഹിയും സി.പി.എം ഭാരവാഹിയുമായിരുന്നു. നടത്തറ പഞ്ചായത്തംഗമായ ഇദ്ദേഹം കഴിഞ്ഞദിവസമാണ് മെംബര്‍ സ്ഥാനം രാജിവെച്ചത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശരത് പ്രസാദിന്റേതായി പുറത്തുവന്ന ഓഡിയോയിൽ മറുഭാഗത്തുള്ളത് തന്റെ ശബ്ദംതന്നെയാണെന്ന് നിബിൻ ശ്രീനിവാസൻ പറഞ്ഞു. ഓഡിയോ പുറത്തുവിട്ടത് താനല്ല. എങ്ങനെ പുറത്തുപോയെന്നറിയില്ല. ശരത് അടുത്ത സുഹൃത്താണ്. തന്നോടാണ് ഈ കാര്യങ്ങൾ സംസാരിച്ചത്. ഫോണിലാണോ റെക്കോഡാണോ എന്ന് ഓർമയില്ല. ശരത് ആണ് സംസാരിച്ചത്. താൻ കേൾവിക്കാരൻ മാത്രമായിരുന്നെന്നും നിബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശരത്തിൽനിന്ന് പാർട്ടി വിശദീകരണം തേടും -കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: വിവാദ ഓഡിയോ ക്ലിപ് പുറത്തുവന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിൽനിന്ന് പാർട്ടി വിശദീകരണം തേടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. വർഷങ്ങൾക്കു മുമ്പുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നതെന്നും ഇതിൽ പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, രാഷ്ട്രീയ എതിരാളികൾക്ക് ആയുധമാക്കാവുന്നതാണ് ഓഡിയോ.
ശരത് തെറ്റായ കാര്യങ്ങളാണ് പറഞ്ഞത്. അനുചിത പരാമർശമാണ് നടത്തിയത്. ഏതു സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്ന് പാർട്ടി അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. വലിയ രാഷ്ട്രീയ ആക്ഷേപങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഒരു തരത്തിലുള്ള വസ്തുതയുമില്ല. സുതാര്യമാണ് സി.പി.എം നേതാക്കളുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കുമുമ്പ് നടത്തിയതാണെങ്കിലും പരാമർശം അനുചിതമാണെന്നും കെ.വി. അബ്ദുൾ ഖാദർ വ്യക്തമാക്കി.