ഗ്രൂപ്പ് പോര്, ആത്മഹത്യകൾ; വിവാദങ്ങൾക്കൊടുവിൽ എൻ.ഡി. അപ്പച്ചന്റെ രാജി
text_fieldsകൽപറ്റ: ഗ്രൂപ്പ് പോരിന്റെ പേരിൽ നേതാക്കളടക്കമുള്ളവരുടെ ആത്മഹത്യ വരെ നടന്ന വയനാട്ടിൽ കോൺഗ്രസ് ജില്ല കമ്മിറ്റി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റെ രാജി നേരത്തെ പ്രതീക്ഷിച്ചത്. വയനാട് ഡി.സി.സി പ്രസിഡന്റായ അദ്ദേഹം രാജിക്കത്ത് കെ.പി.സി.സിക്കാണ് നൽകിയത്. കൽപറ്റ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. വയനാട്ടിൽ വർഷങ്ങളായി ഗ്രൂപ്പ് പ്രശ്നങ്ങൾ നിലനിന്നിരുന്നു. വയനാട് കോൺഗ്രസിലെ ചേരിപ്പോരിൽ രണ്ടുനേതാക്കളടക്കം മൂന്നുപേരാണ് അടുത്തിടെ ആത്മഹത്യചെയ്തത്.
കഴിഞ്ഞ ഡിസംബർ 24നാണ് നേതാക്കളുടെ പേരുകളടക്കം എഴുതിവെച്ച് ഡി.സി.സി ട്രഷറർ എൻ.എം വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയത്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കൾ തന്നെ ഇടനിലക്കാരനാക്കി സഹകരണബാങ്ക് നിയമനത്തിന് ലക്ഷങ്ങൾ വാങ്ങിയെന്നും നിയമനം നൽകാൻ കഴിയതിരുന്നതിനാൽ താൻ കടക്കാരനായി എന്നുമായിരുന്നു വിജയന്റെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എം.എല്‍.എയെ ഒന്നാംപ്രതിയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസിനെ ഏറെ ഉലച്ച ഈ സംഭവത്തെുടർന്ന് കെ.പി.സി.സി അന്വേഷണ സിമിതി വിജയന്റെ വീട് സന്ദർശിച്ചിരുന്നു. കടബാധ്യതയെല്ലാം പാർട്ടി തീർക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ, വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജയന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി അടച്ച് തലയൂരിയത്.
മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടവും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലയിലെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് പോരിനെതുടർന്നാണ് ജോസ് ആത്മഹത്യ ചെയ്തത്. പുൽപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളാണ് ജോസ്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ജില്ലയിൽ കോൺഗ്രസിൽ നേതൃമാറ്റമടക്കം വേണമെന്ന് പ്രവർത്തകരിൽ നിന്നടക്കം ശക്തമായ ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ പത്തുദിവസങ്ങളിലായി രാഹുൽഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം വയനാട്ടിൽ ഉണ്ടായിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ സംസ്ഥാനനേതാക്കളുമായി യോഗം ചേർന്ന് ഇവർ ചർച്ച ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് എൻ.ഡി.അപ്പച്ചൻ രാജിവെച്ചത്.


