കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി
text_fieldsഹജ്ജ് നിർവഹിച്ച് തിരിച്ചെത്തിയ പി. സൈനബ പേരക്കുട്ടി ഹഫീസിന് മുത്തം നൽകുന്നു (ഫോട്ടോ: മുസ്തഫ അബൂബക്കർ)
കൊണ്ടോട്ടി: ഹജ്ജ് കർമം നിർവഹിച്ച് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേൽപ് നല്‍കി. 170 പേരാണ് ആദ്യ സംഘത്തിലുള്ളത്. 94 വനിതകളും 76 പുരുഷന്മാരുമുള്‍പ്പെട്ട സംഘത്തെ പ്രാര്‍ഥനാഭരിതമായ അന്തരീക്ഷത്തില്‍ ഹജ്ജ് കമ്മിറ്റി അധികൃതരും വിമാനത്താവള അധികൃതരും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവർ. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്തത്. യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരിൽ തിരിച്ചെത്തും. ഹജ്ജ് തീര്‍ഥാടകരുമായി കൊച്ചിയിലേക്കുള്ള ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ച 12.30നും കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 30ന് വൈകുന്നേരം 5.05നുമാണ് എത്തുക.