ട്വന്റി20 വികസനം കൊണ്ടുവരുന്ന പാർട്ടി, എൻ.ഡി.എയുടെ ഭാഗമായതിൽ സന്തോഷം; രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമായതിൽ വലിയ സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന, വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി20 എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റക്സ് എം.ഡിയായ സാബു ജേക്കബ് ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകനാണ്. തെലങ്കാനയിൽ അടക്കം അദ്ദേഹം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെയുള്ള പാർട്ടി എൻ.ഡി.എയുടെ ഭാഗമാകേണ്ടത് എൻ.ഡി.എയുടെയും എല്ലാ മലയാളികളുടെയും ആവശ്യമാണ്. നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എത്രയോ വർഷം കേരളം എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. അവരുടെ വിവാദരാഷ്ട്രീയം നാം കണ്ടു. അവരുടെ സാമ്പത്തിക നയങ്ങൾ പരാജയമാണ്. 10 കൊല്ലം ഭരിച്ച എൽ.ഡി.എഫ് നാടിനെ നശിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ജനങ്ങളിൽ നിന്ന് നിർണായക പിന്തുണ ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


