വിദ്വേഷ പ്രസംഗം: ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസിൽ പരാതിയുമായി പന്തളം കൊട്ടാരം കുടുംബാംഗവും
text_fieldsപന്തളം: വാവർ തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയുമാണെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷനെതിരെ പന്തളം കൊട്ടാരം കുടുംബാംഗവും പൊലീസിൽ പരാതി നൽകി. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലാണ് വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്.
വിശ്വാസം മുറിപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ആണ് പരാതി. പന്തളം കൊട്ടാര കുടുംബാംഗം എ.ആർ. പ്രദീപ വർമ്മയാണ് പന്തളം പൊലീസിൽ പരാതി നൽകിയത്. ഇതോടെ വിദ്വേഷപ്രസംഗത്തിന് ശാന്താനന്ദക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം രണ്ടായി. നേരത്തെ കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ. വി.ആര്‍. അനൂപ് പരാതി നല്‍കിയിരുന്നു.
‘വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ -എന്നിങ്ങനെയായിരുന്നു ശാന്താനന്ദ പ്രസംഗിച്ചത്.
ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിന്റെ ഉദ്ഘാടകന്‍. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എതിരെ രൂക്ഷമായ വിമർശനമാണ് അണ്ണാമലൈ നടത്തിയത്. 'ഗീതയിലെ പന്ത്രണ്ടാം അധ്യായം ഉദ്ധരിച്ച പിണറായി വിജയന്‍, അതിന് മുകളിൽ വേറെ അധ്യായം ഉണ്ടെന്ന് അറിയണം. നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ടെന്നതിൽ പറയുന്നു. കാമം, കോപം, ആര്‍ത്തി ഇവ മൂന്നും ആണത്. ഇത് മൂന്നും വിജയനുണ്ട്' -എന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്.
ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്ന് പറഞ്ഞ അണ്ണാമലൈ, ഡി.എം.കെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും വിമർശിച്ചു.