മുൻ സർക്കാർ ആരോഗ്യ വകുപ്പിൽ ബാക്കിവെച്ചത് 2575 കോടി രൂപ കടം; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. പത്ത് വർഷം ഭരിച്ച മുൻ സർക്കാറാണ് പൊതുജനാരോഗ്യ മേഖലയെ തകര്‍ത്തതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആരോഗ്യവകുപ്പിൽ 2575 കോടി രൂപ കടമായിരുന്നുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് വാങ്ങിയ വകയിലെ ബാധ്യത 900 കോടിയാണെന്നും കോടികൾ മുടക്കി പാതിവഴിയിൽ ഉപേക്ഷിച്ച ആശുപത്രി കെട്ടിടങ്ങളും, നിലവാരമില്ലാത്ത നിർമാണങ്ങളും മുൻകാല ഭരണത്തിന്റെ സ്മാരകങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടി മുൻ സർക്കാർ കമ്മീഷനടിക്കുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മരുന്ന് ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണെന്നും മന്ത്രി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് പാഴായ പർച്ചേസ് രീതികളും കമ്മീഷൻ ഇടപാടുകളുമാണ് ആരോഗ്യമേഖലയെ പിന്നോട്ട് അടിച്ചത്. കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ കൂടുതൽ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും, പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ ഗവൺമെന്റ്. സർക്കാർ ആശുപത്രികളുടെ പേരിൽ പാർട്ടി നേതൃത്വത്തിൽ ലാബുകളും സമാന്തര സ്ഥാപനങ്ങളും വളർത്തിയെടുത്ത മുൻകാല രീതികൾ തിരുത്തി മുന്നോട്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ജനം വിലയിരുത്തുമെന്നും കെ.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ആടിനെ പട്ടിയാക്കുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ പൊതുജന ആരോഗ്യമേഖലയെ സ്വകാര്യമേഖലയെ യു.ഡി.എഫ് സർക്കാർ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയെന്ന ഇന്നലത്തെ പ്രസ്താവന.
ആരാണ് പൊതുജനാരോഗ്യമേഖലയെ തകർത്തത് ? സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ സാധാരണക്കാരുടെ ജീവൻവച്ച് പന്താടിയത് ? പിന്നിട്ട പത്തുവർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ കൃത്യമായ ഉത്തരമുണ്ട്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആരോഗ്യവകുപ്പിന് കടം 2575 കോടിരൂപയായിരുന്നു. മരുന്ന് വാങ്ങിയ വകയിൽ കെ.എം.എസ്.സി.എല്ലിന് ബാധ്യത 900 കോടിയും.
പത്തുവർഷംകൊണ്ട് ആരോഗ്യവകുപ്പിനെ പിന്നോട്ട് അടിച്ച സർക്കാരായിരുന്നു എൽ.ഡി.എഫിന്റേത്.
45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടി കമ്മീഷനടിച്ചവർ ആരാണ്.ഇപ്പോൾ ഉപയോഗശൂന്യമായ ഇവ നശിപ്പിക്കാൻ 40 ലക്ഷം രൂപയാണ് ചെലവ്.
മാത്രമല്ല മുക്കിലും മൂലയിലും ഇഷ്ടക്കാർക്ക് കരാർ നൽകി കെട്ടിടങ്ങൾ നിർമ്മിക്കാൻ തുടങ്ങും, കമ്മീഷൻ പോക്കറ്റിലായി കഴിയുമ്പോൾ പാതി വഴിയിൽ ഉപേക്ഷിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് ഈ സ്മാരകങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടും.
പണിപൂർത്തിയായ ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിയാണെങ്കിൽ അതിനേക്കാൾ കഷ്ടം. ബലക്ഷയം, ചോർച്ച തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രി കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കാൻ റൂഫിംഗ് ചെയ്യാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കേണ്ടി വന്ന എം.എൽ.എമാർ നമ്മുടെ നാട്ടിലുണ്ടെന്ന് അങ്ങ് മറക്കരുത്.പർച്ചേസിന്റെയും നിർമ്മാണത്തിന്റെയും പേരിലുള്ള കോടികൾ എവിടേക്കാണ് ഒഴുകിയതെന്ന് ചിന്തിക്കുന്നവർക്ക് അറിയാം.
പാതിയിൽ നിലച്ച കെട്ടിടങ്ങൾ പൂർത്തിയാക്കി, ആവശ്യമായ ജീവനക്കാരെ നിയമിച്ച് നാടിന് പ്രയോജനകരമാക്കി മാറ്റാനുള്ള ദൗത്യമാണ് ഇന്ന് യു.ഡി.എഫ് സർക്കാരും ആരോഗ്യവകുപ്പും നടത്തിക്കൊണ്ടിരിക്കുന്നത്.
മരുന്നുകളെ കുറിച്ചും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വല്ലാതെ ആശങ്കപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ മരുന്ന് ഇപ്പോൾ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണ്. അതിന്റെ കണക്കുകൾ ലഭിക്കാൻ പ്രതിപക്ഷനേതാവിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. താരതമ്യപ്പെടുത്തി നോക്കിയാൽ മതിയാകും.
കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിവാങ്ങിയ എത്ര,എത്ര മരുന്നുകൾക്ക് നിലവാരമില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയതെന്ന് പ്രതിപക്ഷനേതാവിന് അറിയാമോ? മരുന്ന് വാങ്ങാനുള്ള പണത്തിൽ നിന്ന് 19.5ലക്ഷം രൂപ മുടക്കി ടെന്നീസ് ക്ലബിൽ അംഗത്വമെടുത്തത് അങ്ങയുടെ കാലത്താണെന്ന് മറന്നുപോയിട്ടുണ്ടാകില്ലല്ലോ?
പത്തുവർഷത്തെ പർച്ചേസ് രീതികൾ പിന്തുടരാനല്ല, ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്.
പാവപ്പെട്ടവനായത് കൊണ്ടുമാത്രം സർക്കാർ ആശുപത്രിയിൽ എത്തുന്നവർ നിലവാരമില്ലാത്ത മരുന്ന് കഴിക്കണമെന്ന സ്ഥിതി ഇനിയുണ്ടാകില്ല. ബ്രാൻഡഡ് മരുന്ന് അതും കുറഞ്ഞ ചെലവിൽ വാങ്ങി ജനങ്ങൾക്ക് ലഭ്യമാക്കാൻ ഈ സർക്കാർ തീവ്രശ്രമം നടത്തുകയാണ്. അത് അങ്ങേയ്ക്കും കൂട്ടർക്കും ഇഷ്ടപ്പെടില്ലെന്ന് അറിയാം.
നിങ്ങളുടെ കാലത്ത് തഴച്ചു വളർന്ന പാർട്ടി ബന്ധുക്കളായ മരുന്ന് കമ്പനിക്കാരും ഏജന്റ് മാരും വഴിയാധാരമാകും.
പത്തുവർഷം സ്വകാര്യ ലോബിയെ വാരിപ്പുണർന്ന സർക്കാരിന് നേതൃത്വം നൽകിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സർക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്. സർക്കാർ ആശുപത്രികൾക്ക് മുന്നിൽ ഭരിക്കുന്ന പാർട്ടിയുടെ ആശുപത്രികൾ ആരംഭിക്കുകയും സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളെ അവിടേക്ക് തള്ളിവിടുകയും ചെയ്തിരുന്ന ഇരുണ്ട കാലമായിരുന്നു പിന്നിട്ട പത്തുവർഷം. തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്ര എത്ര ഉദാഹരണങ്ങൾ. എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും പാർട്ടി നേരിട്ടോ ബിനാമി പേരിലോ നടത്തുന്ന ലാബുകളെ കുറിച്ചും ആശുപത്രി സ്ഥലങ്ങൾ കൈയ്യേറി സ്ഥാപനങ്ങളെ കുറിച്ചും അങ്ങ് ബോധപൂർവം മറക്കരുത്.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ജനംവിലയിരുത്തട്ടെ !


