ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും വീണ്ടും ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ഉത്രാടം) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്.
തിരുവോണ ദിനമായ ബുധനാഴ്ചയും മൂന്നാം ഓണമായ വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് ഉണ്ട്. ആഗസ്റ്റ് 27 വരെ നേരിയതോ മിതമോ ആയ മഴക്കും സാധ്യതയു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്‍തമാക്കി.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം തുടരുന്നു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം ഫിഷിങ് ഹാർബർ മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 24 ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരത്തിലും കന്യാകുമാരി തീരത്ത് 24ന് ഉച്ചക്ക് 2.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.


