Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോയുടെ പേരിൽ...

മെട്രോയുടെ പേരിൽ ‘കേരളം’ വേണ്ട: പേരുമാറ്റാനുള്ള നീക്കത്തിൽ വിമർശനം, വിചിത്ര നടപടിയെന്ന് ഹൈബി ഈഡൻ എം.പി

text_fields
bookmark_border
https://www.madhyamam.com/tags/kochi-metro
cancel
camera_alt

ഹൈബി ഈഡൻ എം.പി

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കേരളം മെട്രോ എന്നാക്കാൻ മെട്രോ എം.ഡി ശിപാർശ നൽകിയതിൽ വിമർശനം ഉയരുന്നു. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരുമാറ്റാനുള്ള ശിപാർശ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൊച്ചിയിലെ എല്ലാ ജനപ്രതിനിധികളും എറണാകുളം ജില്ലക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിനെതിരെ ശബ്ദിക്കണമെന്നും ഈ ആശയം മുളയിലെ നുള്ളണമെന്നും ആവശ്യമുയരുന്നുണ്ട്.

അതിനിടെ, എറണാകുളം എം.പി ഹൈബി ഈഡൻ പേരുമാറ്റലിനെതിരെ രംഗത്തെത്തി. നിലവിലെ പേരുതന്നെ തുടരണമെന്ന്​ ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശം കൈമാറിയിട്ടുണ്ട്. കൊച്ചി മെട്രോ എന്നതിന് പകരം കേരളം ​മെട്രോ എന്ന് പേരുമാറ്റാൻ ഒരു വിചിത്രമായ നടപടിയിലൂടെ മെട്രോ എം.പി സംസ്ഥാന സർക്കാറിന്റെ അംഗീകാരം നേടിയിരിക്കുകയാണെന്നാണ് എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

‘സംസ്ഥാനത്തൊട്ടാകെയുള്ള നഗരഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ സാ​ങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമാണ്. എന്നാൽ, നിർദേശിക്കപ്പെട്ടിട്ടുള്ള ഈ പേരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പേരുമാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാർക്ക് നൽകുക എന്നതാണ് ഉചിതം.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും, കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവർത്തന മേഖലക്ക് അനുകൂലമല്ല എന്ന വിലയിരുത്തൽ തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തിൽ ഏകപക്ഷീയമായ തീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ആർക്കും അംഗീകരിക്കാനാവില്ല.

ഓരോ പ്രദേശത്തും കൊച്ചി മെട്രോ നടപ്പാക്കാനുദ്ദേശിക്കുന്ന മെട്രോ ബന്ധിത പദ്ധതികൾക്ക് അതത് സ്ഥാലനാമം നൽകണമെന്ന ആവശ്യമുയർന്നാൽ അത് ആ ഘട്ടത്തിൽ അനുഭാവപൂർവം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, വരാനിരിക്കുന്ന പദ്ധതികളെ മുന്നിൽ കണ്ടുകൊണ്ട് നിലവിലുള്ള കൊച്ചി മെട്രോയുടെ പേരുമാറ്റൽ അനാവശ്യമാണ്.’ -ഹൈബി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഒരു അഭിപ്രായ ഐക്യവും സമവായവും ഇല്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും കൊച്ചി മെ​ട്രോ റെയിൽ ലിമിറ്റഡ് എന്ന നിലവിലെ പേരു തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി മെട്രോയു​ടെ പേര് ഒരു ആവശ്യവുമില്ലാതെ മാറ്റേണ്ട കാര്യമില്ലെന്ന് സമൂഹമാധ്യമങ്ങളിലും വിമർശനം ഉയരുകയാണ്. സംസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ മെട്രോ പദ്ധതികൾ വന്നാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റണം എന്ന് നിയമം ഒന്നുമില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ മെട്രോ നിർമിക്കാൻ സഹായിച്ചതിന് ഡി.എം.ആർ.സിയുടെ (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) പേര് മാറ്റിയോ? എന്നും ചിലർ ചോദിക്കുന്നു.

‘കൊച്ചിയുടെ പ്രതീകമാണ് മെട്രോ. ലോകമെമ്പാടും അറിയപ്പെടുന്നതാണ് കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും. അത് ഉണ്ടാക്കിയ കെ.എം.ആർ.എൽ ഒരു ബ്രാൻഡാണ്. അതിനെ വെറുതെ പേര് മാറ്റി നശിപ്പിക്കരുത്.’ -ഇങ്ങനെയുമുണ്ട് വിമർശനങ്ങൾ.

Show Full Article
TAGS:renaming Kochi Metro keralam Hibi Eden MP 
Next Story