ഹൈകോടതി ഇടപെടൽ: കേന്ദ്ര വാഴ്സിറ്റി ബിരുദദാനത്തിൽ ഇംഗ്ലീഷ് റാങ്ക് പ്രഖ്യാപിച്ചില്ല
text_fieldsകാസർകോട്: പ്രതികാര ബുദ്ധിയോടെ അധ്യാപകർ മാർക്ക് വെട്ടികുറച്ചുവെന്ന വിദ്യാർഥിനിയുടെ ഹരജിയെ തുടർന്ന് കേന്ദ്ര വാഴ്സിറ്റി ബിരുദാദാന ചടങ്ങിൽ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ റാങ്ക് പട്ടിക പ്രഖ്യാപിച്ചില്ല. കോഴിക്കോട് സ്വദേശിനിയായ നയൻതാര തിലക് നൽകിയ ഹരജിയിൽ ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നടപടി. റാങ്ക് പ്രഖ്യാപിച്ചാലും അന്തിമ തീരുമാനം കോടതി ഉത്തരവിനു വിധേയമായിരിക്കും എന്നാണ് ഇടക്കാല ഉത്തരവിലുള്ളതെന്ന് നയൻതാരയുടെ അഭിഭാഷകൻ പറഞ്ഞു.
ഇന്നലെ നടന്ന ബിരുദദാന ചടങ്ങിൽ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ 2022-2024 വർഷ റാങ്ക് വിതരണം നടന്നില്ല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രസ്തുത വകുപ്പ് ഡീൻ ഡോ.ജോസഫ് കോയിപള്ളി, വകുപ്പ് മേധാവി ഡോ. എസ് ആശ എന്നിവർ ഏറ്റവും കുറഞ്ഞ ഇന്റേണൽ മാർക്കാണ് നൽകിയത് എന്ന് നയൻതാര നൽകിയ ഹരജിയിൽ ആരോപിച്ചു. കഴിഞ്ഞ വർഷം അമേരിക്കയിലെ കോണൽ സർവകലാശാലയിൽ ആറ് മാസ കോഴ്സ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ഡീനും വകുപ്പ് മേധാവിയും നിരസിച്ചിരുന്നുവെന്നും എന്നാൽ അവരെ മറികടന്ന് പരീക്ഷ കൺട്രോളറും വൈസ്ചാൻസലർ ഇൻചാർജും യു.കെ.അനുമതി നൽകിയതിനുള്ള പ്രതികാരമാണ് തന്റെ ഇന്റേണൽ മാർക്ക് കുറക്കാൻ കാരണമെന്ന് നയൻതാര ആരോപിച്ചു.
റാങ്ക് പട്ടിക പ്രസീദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈകോടതി നിർദേശം ഉള്ളതിനാൽ ഇംഗ്ലീഷ് റാങ്ക് പ്രസിദ്ധീകരിച്ചില്ലെന്ന് കേരന്ദ വാഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. ആർ ജയ പ്രകാശ് മാധ്യമത്തോട് പറഞ്ഞു. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. റാങ്ക് തീരുമാനം കോടതി നടപടിയുടെ അടിസ്ഥാനത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
റാങ്ക് അട്ടിമറിക്കാനാണ് നയൻതാരയുടെ ഇന്റേണൽമാർക്ക് കുറച്ചതെന്ന് നയൻതാരയുടെ പിതാവ് തിലക് ദേവ് പറഞ്ഞു. അതിൽകോടതിയുടെ ഇടപെടൽ വേണമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്റേണൽ മാർക്ക് കുറച്ചതിനെതിരെ നയൻതാര കേന്ദ്ര മാനവശേഷി മന്ത്രാലായത്തിന് പരാതിനൽകി.
പരാതി അന്വേഷിക്കാൻ മന്ത്രാലയം നൽകിയ നിർദേശം നൽകിയെങ്കിലും സർവകലാശാല പൂഴ്തിവെച്ചു. നയൻതാരയുടെ പരാതി കഴിഞ്ഞ ഫെബ്രുവരി 16ന് മാധ്യമം ഓൺലൈനും പിന്നാലെ പത്രവും പ്രസിദ്ധീകരിച്ചു. തുടർന്നാണ് നയൻതാര ഹൈകോടതിയെ സമീപിച്ചത്. മൂന്ന് സെമസ്റ്റുകളിലും ക്ലാസിലെ ഏറ്റവും മികച്ച മാർക് വാങ്ങിയ വിദ്യാർഥിനിയായിരുന്നു നയൻതാര. എന്നാൽ ക്ലാസ് റൂം സംവാദ വിഭാഗത്തിൽ 60ൽ 49 മാർക്ക് മാത്രമാണ് നൽകിയത്. സ്കൂൾ കലോത്സവത്തിൽ മുതൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ശ്രദ്ധേമായ നേട്ടം കൈവരിച്ച നയൻതാര ലുധിയാനയിൽ നടന്ന അന്തർ സർവകലാശാല പ്രസംഗ മത്സരത്തിലും കേന്ദ്ര സർവകലാശാല ക്കുവേണ്ടി ജേത്രിയായി.