ശബരിമല സ്വർണപ്പാളി: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായത് സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈകോടതി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് ഹൈകോടതി ഉത്തരവിട്ടത്.
കോടതിയെ പോലും അറിയിക്കാതെ 2019 ജൂലൈ 20ന് സന്നിധാനത്തുനിന്ന് 12 പാളികള് സ്വര്ണം പൂശാനെന്ന പേരിൽ ചെമ്പ് പാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ ദേവസ്വം ഉത്തരവിന് പിന്നിൽ വലിയ അഴിമതി നടന്നുവെന്നാണ് നിഗമനം. ഇതേക്കുറിച്ച് എസ്.ഐ.ടി അന്വേഷിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികൾ തന്നെയാണെന്നാണ് അന്നത്തെ ദേവസ്വം പ്രസിഡന്റ് പദ്മകുമാർ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ വാദങ്ങൾ തള്ളുന്നതാണ് ഹൈകോടതിയിൽ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. മേൽക്കൂരയടക്കം സ്വർണം പൊതിയുന്നതിന് ആകെ 31.2528 കിലോഗ്രാം സ്വർണവും 1904 കിലോഗ്രാം ചെമ്പുപാളികളുമാണ് വേണ്ടതെന്നും ആകെ ചെലവ് 1,75,21,153 രൂപയാണെന്നും ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിച്ച രേഖകളിലുണ്ട്.
ദ്വാരപാലക ശിൽപത്തിന്റെ കവചം സ്വർണം പൊതിഞ്ഞിരുന്നതായി മല്യയുടെ സംഘത്തിലെ മാന്നാർ സ്വദേശിയായ തൊഴിലാളി ദേവസ്വം വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. ദേവസ്വം രജിസ്റ്ററും മഹസറും പരിശോധിച്ചതിൽനിന്ന് രണ്ടു ശിൽപങ്ങൾ പൊതിയാൻ 800 ഗ്രാം സ്വർണമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ 24 കാരറ്റ് സ്വർണം തന്നെയാണ് പൂശിയതെന്ന് വിജയ് മല്യക്കു വേണ്ടി കരാർ ജോലികൾ ചെയ്ത ചെന്നൈയിലെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം രാസപദാർഥം ഉപയോഗിച്ച് വേർതിരിച്ചെടുത്തതായാണ് സംശയം ഉയരുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക സൂചനകൾ ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. 1998ൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയല്ല, പകരം ഉന്നത നിലവാരത്തിൽ സ്വർണം പൊതിഞ്ഞാണ് വിജയ് മല്യ പാളികൾ അയ്യപ്പന് സമർപ്പിച്ചതെന്ന് അന്ന് ശബരിമലയിൽ പരിശോധന നടത്തിയ സ്വർണം പൊതിയുന്നതിൽ വിദഗ്ധനായ എറണാകുളം ചിറ്റൂർ സ്വദേശി സെന്തിൽനാഥൻ ദേവസ്വം അധികൃതരെ അറിയിച്ചു.
ദ്വാരപാലക ശിൽപങ്ങൾ, വാതിലുകൾ, മേൽക്കൂര, ചിത്രഫലകം, താഴികക്കുടം ഉൾപ്പെടെ എല്ലായിടത്തും ചെമ്പുപാളികൾക്ക് മുകളിൽ സ്വർണം പൊതിയുകയായിരുന്നെന്ന് സെന്തിൽനാഥൻ പറയുന്നു. വരും ദിവസങ്ങളിൽ ദേവസ്വം വിജിലൻസ് സെന്തിൽനാഥന്റെ മൊഴിയെടുക്കും. 2020ൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ താഴികക്കുടം സ്വർണം പൊതിഞ്ഞതും വിജയ് മല്യക്ക് വേണ്ടി തിരുപ്പതി, ഗുരുവായൂർ, കൊല്ലൂർ, കുക്കെ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സ്വർണം പൊതിഞ്ഞതും സെന്തിൽനാഥനാണ്.
സ്വർണം പൊതിയുന്നതും പൂശുന്നതും രണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. സ്വർണം പൂശുന്ന ഭാഗങ്ങൾ നിരന്തരം സ്പർശിക്കുന്നതുമൂലം കാലക്രമേണ മങ്ങാനും അൽപമൊക്കെ നഷ്ടമാകാനും സാധ്യതയുണ്ട്. എന്നാൽ, സ്വർണം പൊതിഞ്ഞ നിർമിതികളിൽ ഇതിന് സാധ്യതയില്ല. സ്വർണത്തിന് തേയ്മാനം സംഭവിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും പൂർണമായി നഷ്ടമാകാൻ ഒരു സാധ്യതയും ഇല്ലെന്നും പൊതിഞ്ഞ സ്വർണം രാസപ്രക്രിയയിലൂടെ അലിയിച്ച ശേഷം വേർതിരിച്ചെടുക്കാനേ കഴിയൂവെന്നും അന്വേഷണസംഘം പറയുന്നു.
കൂടാതെ പാളികൾ സന്നിധാനത്ത് പുറത്തുകൊണ്ടുപോയതിന് പിന്നിലും വൻ അട്ടിമറി നടന്നുവെന്നാണ് വിജിലൻസ് നിഗമനം. ഇതിൽ മുൻ ദേവസ്വം ഭാരവാഹികളുടെ ഇടപെടലടക്കം പരിശോധിച്ച് വരികയാണ്. സ്വർണം പൊതിയാൻ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മല്യക്ക് വേണ്ടി 1998ൽ സ്വർണം പൊതിയൽ ജോലികൾ സന്നിധാനത്ത് തന്നെയാണ് പൂർത്തിയാക്കിയത്.