കേരള ബാങ്കിലെ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: കേരള ബാങ്കിലെ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി വിലക്കി. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 24 പേരെ പാർട് ടൈം കണ്ടിജന്റ് തസ്തികയിൽ സ്ഥിരപ്പെടുത്തുന്നത് ചോദ്യം ചെയ്ത് കൊച്ചി സ്വദേശികളായ ബേസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ നൽകിയ ഹരജിയിലാണ് ഇനിയൊരു ഉത്തരവുവരെ നടപടികൾ തടഞ്ഞ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്.
സർക്കാറിനും കേരള ബാങ്ക് അധികൃതർക്കും നിയമനം ലഭിക്കുന്ന 24 പേർക്കും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഡ്രൈവർ, ഇലക്ട്രീഷ്യൻ, എ.സി ഓപറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്ന 24 പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഹരജിക്കാർ ചോദ്യം ചെയ്തത്.
പാർട് ടൈം കണ്ടിജന്‍റ് തസ്തിക എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നിരിക്കെ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചട്ട വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹരജി. ഹരജി വീണ്ടും 16ന് പരിഗണിക്കാൻ മാറ്റി.


