ഹൈടെക് കോപ്പിയടി; പി.എസ്.സി നിർദേശത്തിൽ നടപടിയെടുക്കാതെ സർക്കാർ
text_fieldsകണ്ണൂർ: പരീക്ഷകളിൽ ഹൈടെക് കോപ്പിയടി തടയാൻ പി.എസ്.സി സമർപ്പിച്ച നിർദേശങ്ങളിൽ നടപടിയെടുക്കാതെ സർക്കാർ. പരീക്ഷ ഹാളുകളിൽ മൊബൈൽ ജാമർ ഉൾപ്പെടെയുള്ളവ സ്ഥാപിക്കണമെന്ന നിർദേശമാണ് പി.എസ്.സി സർക്കാറിന് സമർപ്പിച്ചത്. സാമ്പത്തിക ബാധ്യത വരുന്ന നിർദേശമാണെങ്കിലും സാധ്യതപോലും സർക്കാർ പരിശോധിച്ചിട്ടില്ല. ഹൈടെക് കോപ്പിയടി തടയാൻ മറ്റു പ്രതിവിധികളൊന്നുമില്ലാത്തതാണ് പി.എസ്.സിയെ കുഴക്കുന്നത്.
കണ്ണൂരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷക്കിടെ ഹൈടെക് കോപ്പിയടിക്ക് യുവാവ് പിടിയിലായിരുന്നു. ഷർട്ടിൽ ഘടിപ്പിച്ച മൈക്രോ കാമറവഴി ചോദ്യപേപ്പറിന്റെ ദൃശ്യം പകർത്തി പുറത്തെത്തിച്ച് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയാണ് ഉദ്യോഗാർഥിയായ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് (27) ചെയ്തത്. പി.എസ്.സിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ഹൈടെക് കോപ്പിയടിയാണിത്. ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കുകയല്ലാതെ ഇത്തരം കോപ്പിയടി തടയാൻ വഴിയില്ല.
ഹാൾടിക്കറ്റും പേനയും മാത്രമാണ് നിലവിൽ പരീക്ഷ ഹാളിലേക്ക് അനുവദിക്കുന്നത്. മൈക്രോ കാമറ, ബ്ലൂടൂത്ത് തുടങ്ങിയ ഉപകരണങ്ങൾ ഷർട്ടിൽ ഒളിപ്പിച്ചുവെക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ആരും ശ്രദ്ധിക്കില്ല. ‘നീറ്റ്’ മാതൃകയിൽ കടുത്ത സുരക്ഷ പരിശോധനയോടെ പരീക്ഷ നടത്തുകയാണ് മറ്റൊരു പരിഹാരം. ‘നീറ്റ്’ പോലെ വർഷത്തിൽ ഒരു പരീക്ഷയല്ലാത്തതും മണിക്കൂറുകൾക്കു മുമ്പേ പരീക്ഷ ഹാളിൽ ഉദ്യോഗാർഥിയെ എത്തിക്കുന്നതും പി.എസ്.സിയിൽ പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മഞ്ചാടിക്കുരു വലുപ്പമുള്ള കാമറ; സ്കാൻ ചെയ്യുമ്പോൾ പിടിയിൽ
കണ്ണൂർ: കറുപ്പെന്ന് തോന്നിപ്പിക്കുന്ന കടുത്ത ബ്ലൂ ഷർട്ടിന്റെ മൂന്നാമത്തെ ബട്ടൺ പറിച്ചുമാറ്റിയാണ് മഞ്ചാടിക്കുരു വലുപ്പമുള്ള കാമറ മുഹമ്മദ് സഹദ് ഘടിപ്പിച്ചത്. ബട്ടൺ പറിച്ചുമാറ്റിയ സ്ഥാനത്ത് സേഫ്റ്റി പിൻ ഘടിപ്പിച്ചു. അതിലാണ് കറുത്ത നിറമുള്ള കാമറയുണ്ടായിരുന്നത്. മേശപ്പുറത്തുള്ള ചോദ്യപേപ്പർ സ്കാൻ ചെയ്യാൻ കാമറക്കു അഭിമുഖമായി കുത്തനെ വെക്കുമ്പോഴാണ് പി.എസ്.സി കണ്ണൂർ ജില്ല ഓഫിസർ ഷാജി കച്ചുമ്പ്രോന് സംശയം വന്നത്.
നേരത്തേ നിരീക്ഷണത്തിലുള്ളയാൾ എന്ന നിലക്കാണ് പി.എസ്.സി ഓഫിസർ നേരിട്ട് പരീക്ഷ ഹാളിൽ എത്തിയത്. ചോദ്യം ചെയ്യുമ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ, ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ച ബാറ്ററി ഘടിപ്പിച്ച ഉപകരണവും പാന്റ്സിന്റെ ഉള്ളിലുള്ള വൈഫൈ റൂട്ടറും നിലത്തുവീണു. ഇയാൾ എഴുതിയ മുഴുവൻ പരീക്ഷകളും പി.എസ്.സി പരിശോധിക്കുന്നുണ്ട്. പരീക്ഷയിൽനിന്ന് പൂർണമായി വിലക്കും. പുറമെയുള്ള സഹായിയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ് സഹദിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.


