പുന്നമടയുടെ ആവേശത്തിന് പുതിയ ചിറക്; ഹിരൺ കൈരളിയുടെ ‘മലമുഴക്കി വേഴാമ്പൽ’
text_fieldsനെഹ്റു ട്രോഫി ഭാഗ്യചിഹ്നം, തയാറാക്കിയ ഹിരൺ സിങ്
അമ്പലപ്പുഴ: ചുണ്ടന്‍വള്ളം തുഴയുന്ന മലമുഴക്കി വേഴാമ്പല്‍ നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നം മാത്രമല്ല, ഹിരണ്‍ സിങ്ങെന്ന ഹിരണ്‍ കൈരളിയുടെ കാത്തിരിപ്പിന്‍റെ ഫലം കൂടിയാണ്. പലതവണ മത്സരിച്ചതിനൊടുവിലാണ്, ഇത്തവണ സുന്ദരിയായ വേഴാമ്പൽ പക്ഷിയെ 72-മത് ജലമേളയുടെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്. ചുണ്ടൻവള്ളം തുഴയുന്ന വേഴാമ്പലിന്റെ ആകർഷകമായ രൂപം ഇക്കുറി പുന്നമടപ്പൂരത്തിന്റെ ആവേശമായി മാറും.
പുന്നപ്ര പുത്തൻവെളിയിൽ ഹരിൺ കൈരളിക്ക് ഇത് ആഗ്രഹസാഫല്യം കൂടിയായിരുന്നു. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്, ഹിരൺ. അടുത്തകാലത്ത് ശ്രദ്ധേയമായ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ കവർ പേജ് ഒരുക്കിയത് ഹിരണായിരുന്നു. കഴിഞ്ഞ 16 വർഷമായി ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ ജോലിചെയ്യുന്നു. ഇപ്രാവശ്യം തന്റെ വേഴാമ്പൽ ലോകമറിയുന്ന ഭാഗ്യചിഹ്നമായതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം.
ഭാഗ്യചിഹ്നത്തിനായി ആകെ 148 എൻട്രികളാണ് ലഭിച്ചത്. മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് അധ്യാപകനായ കെ.എ. ഷാകിർ, വി.എം. ബിനോയി, ആർട്ടിസ്‌റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
10,001 രുപയും പ്രശസ്തി പത്രവുമാണ് ഭാഗ്യചിഹ്ന മത്സരത്തിൽ ഹിരണിന് സമ്മാനമായി ലഭിക്കുക. കമ്പ്യൂട്ടറിൽ തയാറാക്കിയ ചിത്രമാണ് മത്സരത്തിന് അയച്ചത്. തന്റെ സൃഷ്ടിപരമായ യാത്രയിൽ ഭാര്യ ശരണ്യയുടെ പിന്തുണ നിർണായകമാണെന്ന് ഹിരൺ പറയുന്നു. മകൻ: അദ്രിത്.
കെ.സി. വേണുഗോപാൽ എം.പി ചലച്ചിത്രതാരം ഭാമക്ക് കൈമാറി ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. മന്ത്രി എം. ലിജു മുഖ്യാതിഥിയായി. കലക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.
ആഗസ്റ്റ് 22ന് പുന്നമട കായലിലാണ് 72-ാമത് നെഹ്റുട്രോഫി വള്ളംകളി. മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത് ഒന്നിന് ആരംഭിക്കും. 10ന് സമാപിക്കും.
ഇത്തവണ നെഹ്റു പവലിയനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും ജനത്തിരക്ക് നിയന്ത്രിക്കാനും പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. സ്പോൺസർഷിപ്പിന് താൽപര്യപത്രം ക്ഷണിക്കും. ഇതുവഴി 3.5-4 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.


