പടിയിറങ്ങുന്നത് സംഘ്പരിവാറിനോട് കലഹിച്ച ചരിത്രകാരൻ
text_fieldsഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ: വി.സി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ പടിയിറങ്ങുന്നത് സംഘ്പരിവാറിന് വഴങ്ങാത്ത, ചരിത്രത്തിന്റെ കാവിവത്കരണത്തിനെതിരെ നിരന്തരം കലഹിച്ച ചരിത്രകാരൻ.
മതനിരപേക്ഷതയുടെ മുഖമായ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുതിയ തലമുറയിലെ ശ്രദ്ധേയനായ സാമ്പത്തിക ചരിത്രകാരന്മാരിൽ ഒരാളാണ്. ഇന്ത്യന്‍ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) മെംബര്‍ സെക്രട്ടറിയായിരിക്കെ മോദി സർക്കാറിന്റെ ചരിത്ര കൗണ്‍സില്‍ പുനഃസംഘടനയിലും കാവിവത്കരണത്തിലും പ്രതിഷേധിച്ച് ആ സ്ഥാനം രാജിവെച്ചതോടെയാണ് അദ്ദേഹം സംഘ്പരിവാറിന്റെ കണ്ണിലെ കരടായത്.
2013 ഒക്ടോബറിൽ യു.പി.എ സര്‍ക്കാറാണ് ചരിത്ര കൗണ്‍സിലിന്റെ മെംബർ സെക്രട്ടറിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത്. കൗൺസിൽ ചെയർപേഴ്സനും അംഗങ്ങളും അടക്കം ചരിത്രപണ്ഡിതരും ഗവേഷകരും അടങ്ങിയ അസ്സൽ പ്രഫഷനൽ സംഘം. എന്നാൽ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ ചരിത്ര കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുകയും പ്രഫ. വൈ. സുദർശൻ റാവുവിനെ ചെയര്‍മാനാക്കുകയും ചെയ്തു.
മധ്യകാലഘട്ടത്തിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും പള്ളികൾ നിർമിക്കുകയും ചെയ്തപ്പോഴാണ് സംഘർഷങ്ങളുണ്ടായതെന്ന റാവുവിന്റെ വാദത്തെയും ചരിത്രത്തിന്റെ മതപരമായ വ്യാഖ്യാനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെയും ഗോപിനാഥ് രവീന്ദ്രൻ വിമർശിച്ചു. പുതിയ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ എൻ.ഡി.എ സർക്കാർ മൂന്ന് മാസമെടുത്തു.
പുതിയ കൗൺസിലിൽ മൂന്നോ നാലോ പേരൊഴികെയുള്ള 18 ചരിത്രകാരന്മാരും സംഘ്പരിവാർ മുഖങ്ങൾ. റൊമീല ഥാപ്പറെയും ഇർഫാൻ ഹബീബിനെയും പോലെയുള്ള ലോകം അംഗീകരിച്ച അക്കാദമിക് പ്രതിഭകളെ ഒഴിവാക്കി.
അന്ധവിശ്വാസങ്ങളിൽനിന്ന് മുക്തമായ ശാസ്ത്രീയ ചരിത്രരചനയും മതേതരത്വവും ഇന്ത്യയുടെ ബഹുസ്വര സ്വത്വവും പ്രോത്സാഹിപ്പിക്കുന്ന ഐ.സി.എച്ച്.ആറിന്റെ ഭരണഘടന മാറ്റാനും കൗൺസിലിന്റെ ജേണൽ സമിതിയെ പിരിച്ചുവിടാനും തുടങ്ങിയതോടെ വിയോജിപ്പ് രേഖപ്പെടുത്തി ഗോപിനാഥ് രവീന്ദ്രൻ മെംബർ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ഐ.സി.എച്ച്.ആർ ഫൗണ്ടേഷൻ ദിന പ്രഭാഷണ പരിപാടിയിൽ അമേരിക്കൻ വംശജനും തീവ്ര വലതുപക്ഷ വേദപ്രചാരകനുമായ ഡേവിഡ് ഫ്രവ് ലിയുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന് അദ്ദേഹത്തെ സംഘ്പരിവാർ അനുകൂലികൾ വേദിയിൽ കൈയേറ്റം ചെയ്തിരുന്നു.
സംഘ്പരിവാർ തിരഞ്ഞെടുത്ത മിത്തുകളും ജനപ്രിയ ഇതിഹാസങ്ങളും ചരിത്രത്തിന് പകരംവെക്കാൻ കഴിയില്ലെന്നായിരുന്നു എന്നും ഗോപിനാഥ് രവീന്ദ്രൻ എന്ന ചരിത്രകാരന്റെ നിലപാട്.


