അവധി സീസൺ: സ്പെഷൽ ട്രെയിനുകളിൽ അമിത നിരക്ക്
text_fieldsപാലക്കാട്: തിരക്ക് വർധിച്ചതോടെ ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ. മധ്യവേനലവധി, തെരഞ്ഞെടുപ്പ് എന്നിവയാൽ പല ട്രെയിനുകളിലും സ്ലീപ്പർ കോച്ചുകളിലടക്കം നരകയാത്രയായതോടെയാണ് സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയത്.
തിരക്ക് കൂടിയതിനാൽ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ട്രെയിനുകളിലൊന്നും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. പല കേന്ദ്രങ്ങളിലും വെയിറ്റിങ് ലിസ്റ്റ് നൂറിനടുത്തെത്തി. തിരക്ക് ഒഴിവാക്കാനായാണ് കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമ ബംഗാൾ, ഗുജറാത്ത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 19 റൂട്ടുകളിലായി 239 വേനൽക്കാല സ്പെഷൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചത്. എന്നാൽ, അവസരം മുതലെടുത്ത് നിലവിലുള്ള നിരക്കിന്റെ 1.3 മടങ്ങാണ് സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത്.
ഇത്തരം ട്രെയിനുകളിൽ സ്റ്റോപ് കുറവായതിനാൽ യാത്രക്കാർക്ക് പൂർണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. കോവിഡിനു ശേഷം പാസഞ്ചർ, വീക്ക്ലി എക്സ്പ്രസ് ട്രെയിനുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണമായത്. വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി പല ദീർഘദൂര ട്രെയിനുകളിലും ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു. പകരം എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു.
യാത്രകളിൽ റെക്കോഡ്
പാലക്കാട്: വേനൽക്കാലത്ത് യാത്രക്കാരുടെ സുഖപ്രദയാത്ര ഉറപ്പുവരുത്താൻ 16 സോണുകളിലായി 9111 യാത്രകൾ നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 2023ൽ നടത്തിയതിനെക്കാൾ 2742 യാത്രകളുടെ വർധനയാണ് ഇത്തവണ. 2023ലെ വേനലവധിക്കാലത്ത് 6369 യാത്രകളാണ് നടത്തിയത്.