വീട്ടിൽ പ്രസവിച്ച യുവതിയുടെ മരണം: ബന്ധുക്കൾ മർദിച്ചെന്ന് ആരോപിച്ച് ചികിത്സ തേടി ഭർത്താവ് സിറാജുദ്ദീൻ, പൊലീസ് എത്തി അറസ്റ്റ് ചെയ്തു
text_fieldsപെരുമ്പാവൂര്‍: മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹീം മുസ്ലിയാരുടെ മകള്‍ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ അറസ്റ്റിൽ. യുവതിയുടെ ബന്ധുക്കൾ മർദിച്ചെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സിറാജുദ്ദീനെ മലപ്പുറം പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് മലപ്പുറത്തേക്ക് കൊണ്ടുപോയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഇതിനിടെ, അസ്മയുടെ മരണവിവരം മറച്ചുെവച്ചതില്‍ ദുരൂഹത സംശയിക്കുന്നതായി മാതൃസഹോദരന്‍ ചേലക്കുളം തേളായി വീട്ടില്‍ മുഹമ്മദ്കുഞ്ഞ് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. മരണവിവരം മലപ്പുറത്ത് ഇവര്‍ വാടകക്ക് താമസിച്ച വീട്ടുകാരനെയോ പൊലീസിനെയോ അറിയിച്ചില്ല. വൈകീട്ട് ആറിന് യുവതി പ്രസവിച്ചു. ഇതിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വെള്ളം മന്ത്രിച്ചുകൊടുത്തും അക്യുപങ്ചര്‍ ചികിത്സയിലൂടെയും ശമനമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു സിറാജുദ്ദീന്‍. മരണവിവരം തങ്ങളെ അറിയിക്കാതെ ആലപ്പുഴയിലെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിലും ദുരൂഹതയുള്ളതായി മുഹമ്മദ്കുഞ്ഞ് പറയുന്നു.
അസ്മയുടെ ഖബറടക്കം തിങ്കളാഴ്ച വൈകീട്ടോടെ എടത്താക്കര മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മക്കളെ സിറാജുദ്ദീന്‍റെ ബന്ധുക്കള്‍ ഞായറാഴ്ച രാത്രി ആലപ്പുഴക്ക് കൊണ്ടുപോയിരുന്നു. ഇളയ കുഞ്ഞ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്ത കുട്ടിയെ സിറാജുദ്ദീന്‍റെ പിതാവ് അറക്കപ്പടിയിലെ വീട്ടിലെത്തിച്ച് മാതാവിന്‍റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുപ്പിച്ചു. ഞായറാഴ്ച പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് ആറോടെയാണ് അറക്കപ്പടിയിലെ വീട്ടിലെത്തിച്ചത്.
മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. നേരത്തേ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം ഒഴിവാക്കാനാകുമായിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.
അതിനിടെ, കേസ് മലപ്പുറം പൊലീസിന് കൈമാറി. അന്വേഷണം ഏറ്റെടുത്തതായും യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണു പറഞ്ഞു.
‘മനഃപൂര്‍വ നരഹത്യക്ക് തുല്യം’
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തംവാര്‍ന്ന് യുവതി മരിച്ചത് മനഃപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വര്‍ത്തമാനകാലത്ത് ചില തെറ്റായ പ്രവണതകള്‍ സമൂഹത്തിലുണ്ടാകുന്നെന്നത് അനഭിലഷണീയമാണ്. ചിലർ കാര്യങ്ങൾ ബോധപൂർവം മറച്ചുവെക്കുകയാണ്. ആശ പ്രവർത്തകർ വീടുകളിലെത്തുമ്പോൾ ചിലർ മറഞ്ഞിരിക്കുന്നു. ഇത്തരത്തിൽ മറഞ്ഞിരിക്കുന്നത് അവബോധമില്ലാത്തതിന്‍റെ പ്രശ്നമല്ലല്ലോ എന്ന് മന്ത്രി ചോദിച്ചു. 2023-24ൽ സംസ്ഥാനത്ത് 500 ഓളം പ്രസവങ്ങൾ വീടുകളിൽ നടന്നെന്നാണ് കണക്കെന്നും അവർ പറഞ്ഞു.