പൂരം കലക്കൽ റിപ്പോർട്ട്: ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള മുൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പെടെ പൊലീസിന് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. മുൻ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് കഴിഞ്ഞവർഷം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഗുരുതര കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലില്ലാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചതും റിപ്പോർട്ട് മടക്കാൻ കാരണമായതും.
ഇതിൽ പ്രതിസ്ഥാനത്ത് നിർത്തിയ തിരുവമ്പാടി ദേവസ്വം ഭാരവാഹികളും മന്ത്രിയെ കണ്ട് പുനഃരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും പരിശോധിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് മന്ത്രി നിർദേശം നൽകിയത്. എന്നാൽ, പുതിയ സംഘത്തെ നിയോഗിക്കില്ല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന്‍റെ നേതൃത്വത്തിലുള്ള സംഘംതന്നെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ ഭാഗത്ത് രണ്ടു വീഴ്ചകൾ മാത്രമേയുണ്ടായുള്ളൂവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട്. പൂരം അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. പ്രശ്നങ്ങളുണ്ടായപ്പോൾ അന്നത്തെ റവന്യൂ മന്ത്രി കെ. രാജനും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ചെങ്കിലും എ.ഡി.ജി.പിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്. സിറ്റി പൊലീസ് കമീഷണറുടെയും പൊലീസിന്‍റെയും നടപടികളും റിപ്പോർട്ടിലില്ല.
പൂരത്തിന്‍റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്‍റെ ഭാഗത്തെ ഗുരുതര വീഴ്ചകളും അതിനുള്ള തെളിവുകളും വ്യക്തമായി പരാമർശിച്ചില്ലെന്ന് വിലയിരുത്തിയാണ് അന്വേഷണ റിപ്പോർട്ട് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം മടക്കിയത്. അജിത്കുമാറിന്‍റെ വിശദീകരണം ഡി.ജി.പി റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിലും മന്ത്രിക്ക് അതൃപ്തിയുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് പൂരം കലക്കലിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.



