ഹണി ട്രാപ്പ് കെട്ടിച്ചമച്ച നാടകമെന്ന്; ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഐ.ടി സ്ഥാപന ഉടമയുടെ മുൻകൂർജാമ്യ ഹരജി തള്ളി
text_fieldsകൊച്ചി: ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ ഐ.ടി സ്ഥാപന ഉടമ വേണു ഗോപാലകൃഷ്ണന്റെ മുൻകൂർജാമ്യ ഹരജി ഹൈകോടതി തള്ളി. അതേസമയം, സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കപ് പി. തമ്പി, എബി പോൾ, സ്വതന്ത്ര ഡയറക്ടറായ ബിമൽരാജ് ഹരിദാസ് എന്നിവർക്ക് ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചു.
ഹരജിക്കാരനെതിരായ ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. അതേസമയം, പ്രതികളായ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്ലെന്ന് വിലയിരുത്തിയ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.
പരാതിക്കാരിയും ഭർത്താവും ചേർന്ന് 30 കോടി രൂപ തട്ടിയെടുക്കാൻ ഹണി ട്രാപ്പിൽപെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതി നൽകിയിരുന്നുവെന്നും ഇതിൽ ഇരുവരെയും എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തതാണെന്നും ഇതിനു പിന്നാലെയാണ് തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഹണി ട്രാപ്പ് ഹരജിക്കാരൻ കെട്ടിച്ചമച്ച നാടകമാണെന്നായിരുന്നു ജാമ്യഹരജിയെ എതിർത്ത് കക്ഷിചേർന്ന പരാതിക്കാരിയുടെ വാദം. കക്ഷികളുടെ വാദംകേട്ട കോടതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ നിരീക്ഷിക്കുകയായിരുന്നു. ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലടക്കം കാലതാമസം വരുത്തിയ പൊലീസ് നടപടിയെ കോടതി വിമർശിക്കുകയും ചെയ്തു.
ജീവനക്കാരിയുടെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസെടുത്ത കേസിൽ മുൻകൂർജാമ്യം തേടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കാക്കനാട് സ്മാർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്ന ‘ലിറ്റ്മസ്-7’ ഐ.ടി കമ്പനി ഉടമയായ ഹരജിക്കാരനെതിരെയാണ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതി ലൈംഗികാതിക്രമത്തിനെതിരെ പരാതി നൽകിയത്. കേസിലെ മറ്റ് പ്രതികൾ യുവതിയെ പരാതിയിൽനിന്ന് പിന്തിരിപ്പിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.