Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൺമുന്നിൽ സ്വന്തം വീട്...

കൺമുന്നിൽ സ്വന്തം വീട് ദേശീയപാതക്ക് എടുത്ത കുഴിയിലേക്ക് ഇടിഞ്ഞുവീഴുന്നു; എന്തുചെയ്യണമെന്നറിയാതെ വൃക്കരോഗിയായ ഗൃഹനാഥൻ, താമസം വാടകവീട്ടിൽ

text_fields
bookmark_border
കൺമുന്നിൽ സ്വന്തം വീട് ദേശീയപാതക്ക് എടുത്ത കുഴിയിലേക്ക് ഇടിഞ്ഞുവീഴുന്നു; എന്തുചെയ്യണമെന്നറിയാതെ വൃക്കരോഗിയായ ഗൃഹനാഥൻ, താമസം വാടകവീട്ടിൽ
cancel
camera_altമണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീഴാറായ വീടിന്റെ ഭാഗം (ഇടത്ത്). ദേശീയപാത ബൈപാസിനായി മണ്ണെടുത്ത നിലയിൽ (വലത്ത്)

തളിപ്പറമ്പ്: കണ്ടുകണ്ടിരിക്കെ ആകെയുള്ള വീടും സ്ഥലവും മെല്ലെമെല്ല ഇടിഞ്ഞുവീഴുന്നതിന് നിസ്സഹായനായി സാക്ഷ്യം വഹിക്കുകയാണ് വൃക്കരോഗിയായ തളിപ്പറമ്പ് മന്താംകുണ്ട് വള്ളിയോട്ട് വി. ശ്രീധരൻ. തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡിൽ ദേശീയപാത ബൈപ്പാസ് നിർമിക്കാൻ ഇദ്ദേഹത്തിന്റെ വീടുനിലനിൽക്കുന്ന 15സെന്റ് സ്ഥലത്തിൽനിന്ന് അഞ്ച് സെന്റ് വിട്ടുനൽകിയിരുന്നു. ഈ ഭാഗം മീറ്ററുകളോളം ആഴത്തിൽ ഇടിച്ചാണ് റോഡ് നിർമിക്കുന്നത്. ഇതോടെ ബാക്കിയുള്ള സ്ഥലവും വീടും അപകടാവസ്ഥയിലായി. വീടിന്റെ കുളിമുറിയും കക്കൂസ് ടാങ്കും അടക്കമുള്ള ഭാഗം ഇതിനകം തകർന്നുവീണു. വീടുമുഴുവൻ ഏതുസമയവും നിലംപൊത്തുന്ന സ്ഥിതിയിലാണ്.

നിലവിൽ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്നയാളാണ് ശ്രീധരൻ. സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നതോടെ പുഴക്കുളങ്ങരയിൽ വാടകവീട്ടിലാണ് താമസം. ഇവിടെ ഇനി എങ്ങോട്ട് പോകുമെന്നും നഷ്ടപരിഹാരം കിട്ടാൻ ഏതുവാതിലിൽ മുട്ടുമെന്നും അറിയാതെ പ്രയാസപ്പെടുകയാണ് കുടുംബം. സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലുമല്ല ശ്രീധരൻ ഇപ്പോഴുള്ളത്.

മണ്ണിടിഞ്ഞ് തകർന്ന പുളിമ്പറമ്പ് മഞ്ചക്കുഴി ഭാഗം

അതിനിടെ, ദേശീയപാത ബൈപാസിൽ മഞ്ചക്കുഴി ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷമായതോടെ തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ഗതാഗതം വഴിതിരിച്ചു വിടാതെ ദേശീയപാത ബൈപാസ് നിർമാണത്തിനായാണ് ചിറവക്ക് പുളിമ്പറമ്പ് റോഡിൽ മഞ്ചക്കുഴി ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി താൽക്കാലിക പാത നിർമിച്ചത്. കുപ്പത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് പുളിമ്പറമ്പിൽ വലിയ കുന്ന് രണ്ടായി മുറിച്ചാണ് കീഴാറ്റൂർ വയൽ വഴി കുറ്റിക്കോലിലേക്ക് കടന്ന് പോകുന്നത്. താൽക്കാലികമായി ഒരുക്കിയ റോഡിന്‍റെ ഇരുഭാഗത്തും 20 മീറ്ററിലേറെ ആഴത്തിലാണ് കുഴിച്ചുമാറ്റിയത്. കനത്ത മഴയിൽ പ്രവൃത്തി നടക്കുന്നതിന് സമീപത്ത് മണ്ണിടിഞ്ഞു തുടങ്ങിയത് ആശങ്കക്ക് ഇടയാക്കിയിരുന്നു.

വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ഒരുവശം വലിയ രീതിയിൽ ഇടിയുകയും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയരുകയും ചെയ്തതോടെ കലക്ടർ ഇടപെട്ടാണ് രാവിലെ ബസ്, ലോറി തുടങ്ങിയ ഭാരവാഹന ഗതാഗതം നിരോധിച്ചത്. ഉച്ചക്കുശേഷം വീണ്ടും മണ്ണിടിഞ്ഞതോടെ വൈകീട്ട് ആറ് മണിയോടെ വാഹന ഗതാഗതം പൂർണമായും തടഞ്ഞു. തളിപ്പറമ്പിൽ നിന്നും പട്ടുവം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഏഴാംമൈലിൽ എത്തി കൂവോട് വഴിയും മുറിയാത്തോടിൽനിന്നും ചാലത്തൂർ മംഗലശേരി കുപ്പം വഴിയും കടന്നുപോകുന്ന രീതിയിലുമാണ് കടന്ന്പോകേണ്ടത്. പാളയാട് റോഡിലെ പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ട അവസ്ഥയിലാണ് ഉള്ളത്. മഞ്ചക്കുഴി വഴിയും വാഹനഗതാഗതം തടഞ്ഞതോടെ പുളിമ്പറമ്പ് പ്രദേശത്തുള്ളവർക്ക് തളിപ്പറമ്പ് നഗരവുമായി ബന്ധപ്പെടാൻ ഏറെ ചുറ്റി തിരിയേണ്ട അവസ്ഥയാണ്.


ദേശീയപാതയിൽ പിലാത്തറയിൽ കണ്ടെത്തിയ വിള്ളൽ ടാർ ഉപയോഗിച്ച് അടക്കാനുള്ള ശ്രമം വിജയിച്ചില്ല. ടാർ ഇളകി വിള്ളൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിള്ളൽ ആഴത്തിൽ ഉണ്ടാകാമെന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വിള്ളൽ അടക്കാൻ സാധിക്കാതായതോടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കാണാതിരിക്കാൻ ശ്രമം നടത്തുന്നതായും നാട്ടുകാർ പറയുന്നു. പയ്യന്നൂർ ഭാഗത്തേക്കുള്ള പാതയിലാണ് വിള്ളൽ ഉള്ളത്. മുമ്പ് ഇവിടെ വയലായിരുന്നു. വേണ്ടത്ര അടിത്തറ ഭദ്രമാകാത്തതാണ് വിള്ളലിന് കാരണമെന്ന് പറയപ്പെടുന്നു. ഇവിടെ സർവിസ് റോഡിലും വിള്ളൽ ഉണ്ട്. ഇതേ തുടർന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള സർവിസ് റോഡ് അടച്ചിട്ടിരിക്കുകയാണ്. അതേസമയം പാതയുടെ സംരക്ഷണ ഭിത്തി അടർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഭിത്തിക്ക് ഉപയോഗിച്ച കോൺക്രീറ്റ് ഷീറ്റിന്‍റെ ഭാഗം പൊട്ടിവീണിരുന്നു.

ദേശീയപാതയിലെ വിള്ളൽ കാണാതിരിക്കാൻ ഷീറ്റ് വിരിച്ച നിലയിൽ


Show Full Article
TAGS:NH 66 National Highway 66 
News Summary - house collapsing near NH 66 bypass
Next Story