വീട് ജപ്തി ചെയ്തു; പെരുവഴിയിലായി യുവതിയും മകനും
text_fieldsഎടക്കര: കിടപ്പാടം ജപ്തി ചെയ്തതോടെ ആറ് വയസ്സുകാരനായ മകനുമൊത്ത് യുവതി അന്തിയുറങ്ങുന്നത് വീടിന് പുറത്ത്. കടബാധ്യതയെത്തുടർന്ന് ബാങ്ക് വീട് ജപ്തി ചെയ്തതോടെയാണ് പാതിരിപ്പാടത്തെ മാട്ടുമ്മല്‍ സലീനയും മകനും മഴയും തണുപ്പുമേറ്റ് കഴിയുന്നത്.
സാധനങ്ങളെല്ലാം വീടിനുള്ളിലാക്കിയാണ് അധികൃതര്‍ സീല്‍ ചെയ്തത്. ഇതിനാൽ വീട്ടുസാധനങ്ങളും വസ്ത്രങ്ങളുമുള്‍പ്പെടെ ഒന്നും കൈയിലില്ല. പുസ്തകങ്ങളുൾപ്പെടെ വീടിനുള്ളിലായതിനാല്‍ മകന് രണ്ട് മാസമായി സ്കൂളിലും മദ്റസയിലും പോയിട്ടില്ല.
രണ്ട് പെണ്മക്കളെ വിവാഹം ചെയ്തയക്കാനാണ് 2015ല്‍ സലീന ബാങ്കിന്റെ പോത്തുകല്ല് ശാഖയില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തത്.
മക്കളുടെ കുട്ടിക്കാലത്ത് തന്നെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് കഠിനാധ്വാനത്തിന്റെ കരുത്തിലാണ് ജീവിതം കരുപ്പിടിപ്പിച്ചത്. വിദേശത്ത് വീട്ടുജോലിക്ക് പോയി കിട്ടിയ തുകയുപയോഗിച്ച് ചെറിയൊരു വീട് പണിതു. ഇതിനിടെ വീണ് ഇടതുകാലിന്റെ മുട്ട് ഒടിഞ്ഞതോടെ ജോലിക്ക് പോകാനും കടബാധ്യത തിരിച്ചടവിനും കഴിയാതെയായി. ഇതോടെയാണ് കഴിഞ്ഞ ജൂലൈ 24ന് വൈകുന്നേരം അധികൃതരെത്തി വീട് ജപ്തി ചെയ്തത്.
വീട് വിറ്റ് പണമടക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വഴി വേണ്ടത്ര വീതിയില്ലാത്തതിനാല്‍ വില്പന നടന്നില്ല. ബാങ്ക് പിഴപ്പലിശ ഒഴിവാക്കി നൽകിയെങ്കിലും ആറര ലക്ഷം രൂപ ഇനിയും അടക്കണം.
അതിനിടെ സലീന കുറച്ചുദിവസം ചന്തക്കുന്നിലെ മകളുടെ വാടകവീട്ടില്‍ താമസിച്ചു. സൗകര്യക്കുറവിനാൽ അവിടെ തുടരാനായില്ല. വീടിന്റെ വരാന്തയില്‍ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒരുകൂട്ടം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു. സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് സലീനയും മകനും.