വീട് ബാങ്ക് ജപ്തി ചെയ്തു; ഹൃദ്രോഗിയായ റെജിയും ഭാര്യയും ഒരുമാസമായി കഴിയുന്നത് വീട്ടുവരാന്തയിൽ
text_fieldsബാങ്ക് ജപ്തി ചെയ്ത വീട്ടുവരാന്തയിൽ കഴിയുന്ന റെജിയും സൈറയും
പറവൂർ: വീട് നിർമാണത്തിനും മക്കളുടെ വിവാഹത്തിനും ചികിത്സക്കുമായി ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് വീട് ജപ്തി ചെയ്തു. കയറിക്കിടക്കാൻ ഇടമില്ലാതെ വന്നതോടെ ദമ്പതികൾ വെയിലും മഴയുമേറ്റ് വീട്ടു വരാന്തയിലാണ് അന്തിയുറങ്ങുന്നത്.
മൂത്തകുന്നം ചെട്ടിക്കാട് പുത്തൻപുരയ്ക്കൽ റെജി-സൈറ ദമ്പതികളാണ് ഒരു മാസമായി വരാന്തയിൽ കിടന്നുറങ്ങുന്നത്. 2017ലാണ് യൂനിയൻ ബാങ്കിന്റെ പറവൂർ ശാഖയിൽനിന്ന് വീട് നിർമാണത്തിനും മക്കളുടെ വിവാഹത്തിനും ചികിത്സക്കുമായി 10 ലക്ഷം രൂപ വായ്പയെടുത്തത്.
ഇവരുടെ രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് മറ്റിടത്താണ് താമസം. മത്സ്യത്തൊഴിലാളിയായ റെജിക്ക് ഹൃദ്രോഗവും വാഹനാപകടം മൂലം തൊഴിലെടുക്കാനാകാത്ത സ്ഥിതിയാണ്. അംഗനവാടിയിലെ ഹെൽപറായ സൈറക്ക് കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ഏക ജീവിതാശ്രയം.
ഇരുവരും അസുഖബാധിതരായതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നു. പലിശയടക്കം 20 ലക്ഷം രൂപയായതോടെ ബാങ്ക് നടപടികളിലേക്ക് നീങ്ങി. വർഷങ്ങൾക്ക് മുമ്പ് സ്ഥലം മേടിക്കാനായി സമീപത്തെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയും തിരിച്ചടക്കാനാകാതെ നടപടിയിലാണ്. പലവട്ടം ഒറ്റത്തവണ തീർപ്പാക്കൽ നടപടിക്ക് ബാങ്ക് സമീപിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് ജൂലൈ 23ന് ബാങ്ക് അധിക്യതരെത്തി ദമ്പതികളെ പുറത്തിറക്കി വീട് സീൽ ചെയ്തു.
പോകാൻ മറ്റൊരിടമില്ലാത്ത റെജിയും സൈറയും അന്ന് മുതൽ വീട്ടുവരാന്തയിൽ കഴിയുകയാണ്. പാമ്പുകളെയും ഇഴജന്തുക്കളേയും ഭയന്ന് ഉറങ്ങാനാകാതെ രാത്രികാലങ്ങളിൽ ഇരുവരും പതിവായി ഉറക്കമൊഴിച്ചിരിക്കലാണ്. ഇരുവരും രോഗബാധിതരായതിനാൽ മഴയും കാറ്റുമേറ്റ് മറ്റ് അസുഖങ്ങളും പിടിപെട്ടു. തങ്ങളുടെ ഈ ദുർഗതി കണ്ട് ഏതെങ്കിലും സുമനസുകൾ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരോരും തുണയില്ലാത്ത ഈ ദമ്പതികൾ. ഫോൺ നമ്പർ: 9605024021.