വീട് ജപ്തി ചെയ്യുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു
text_fieldsപട്ടാമ്പി (പാലക്കാട്): ജപ്തി നടപടിക്കിടെ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പട്ടാമ്പി കിഴായൂർ ഗവ. യു.പി സ്കൂളിനു സമീപം താമസിക്കുന്ന കിഴക്കേ പുരക്കൽ ജയയാണ് (48) മരിച്ചത്. 2015ൽ ഇവരുടെ ഭർത്താവ് ഷൊർണൂർ അർബൻ ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി നാലേ മുക്കാൽ ലക്ഷം രൂപയുടെ ബാധ്യതയായപ്പോൾ തുക തിരിച്ചുപിടിക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച പാലക്കാട് സി.ജെ.എം കോടതി വീട് ജപ്തി ചെയ്യാൻ ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം തുക തിരിച്ചടക്കാനാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചു. ഒരു മാസം കഴിഞ്ഞിട്ടും പണമടക്കാത്തതിനെത്തുടർന്നായിരുന്നു ജപ്തി നടപടി.
വെള്ളിയാഴ്ച ഉച്ചക്ക് കോടതി ഉത്തരവുമായി അഡ്വക്കറ്റ് കമീഷൻ, ബാങ്ക് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ എന്നിവർ ജപ്തിക്കെത്തിയപ്പോഴാണ് ജയ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഏഴു വർഷമായി ഭർത്താവിൽനിന്നും രണ്ടു മക്കളിൽനിന്നും അകന്നുകഴിയുകയാണ് ജയ. തഹസിൽദാർ ടി.പി. കിഷോറും പട്ടാമ്പി പൊലീസും സ്ഥലത്തെത്തി.