കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി
text_fieldsകണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നു പിടികൂടിയ സ്വർണം
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച പുലർച്ച ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർക്കോട് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് 1281.7 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
സ്വർണത്തിന് 1,87,51,271 രൂപ വില വരും. കോഴിക്കോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയായ അബ്ദുൾ റഷീദ് വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിൽ കസ്‌റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഇത്ര വലിയ അളവിൽ സ്വർണം പിടിക്കുന്നത്.


