സ്‌കൂളിൽ കയറി പുസ്തകത്തിനിടയിൽ ഒളിപ്പിച്ച കത്തിയെടുത്ത് അധ്യാപികയെ കഴുത്തിൽ കുത്തി ഭർത്താവ്
text_fieldsഏറ്റുമാനൂർ: അധ്യാപികയെ ഭർത്താവ് സ്‌കൂളിൽ കയറി കുത്തിപ്പരിക്കേൽപിച്ചു. പൂവത്തുംമൂട് ഗവ. എൽ.പി സ്‌കൂൾ അധ്യാപിക തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവത്തിനുശേഷം ഓടിയ ഭർത്താവ് കൊച്ചുമോനെ പാമ്പാടി പൊലീസ് പിടികൂടി ഏറ്റുമാനൂർ പൊലീസിന് കൈമാറി.
വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് ഡോണിയ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഡോണിയയുടെ പരാതിയിൽ മണർകാട് പൊലീസ് ഭർത്താവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
രാവിലെ ഒമ്പതരയോടെ കൊച്ചുമോൻ പുസ്തകം നൽകാനെന്നുപറഞ്ഞ് ഡോണിയയെ അന്വേഷിച്ച് സ്കൂളിൽ വന്നിരുന്നു. ഡോണിയ വന്നിട്ടില്ലെന്നറിഞ്ഞ് മടങ്ങിപ്പോയി. വീണ്ടും മടങ്ങിവന്ന് ഡോണിയയെ ഓഫിസ് മുറിയിലേക്ക് വിളിച്ചുവരുത്തി.
വാക്തർക്കത്തിനിടെ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നു. ഡോണിയയുടെ നിലവിളികേട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും കൊച്ചുമോൻ കടന്നുകളഞ്ഞു. ഡോണിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.


