ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകൊല്ലപ്പെട്ട ലീന
ഏറ്റുമാനൂർ (കോട്ടയം): തെള്ളകത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. പൂഴിക്കുന്നേൽ വീട്ടിൽ ലീനയെയാണ് (55) മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഭർത്താവ് ജോസിനെ (63) പൊലീസ് കസ്റ്റഡിയിലെടുത്തു.
ലീനയുടേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ ആഴത്തിലുള്ള മുറിവും തുടർന്നുള്ള രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.
ലീനയെക്കൂടാതെ ഭർത്താവ് ജോസ്, ഇളയ മകൻ തോമസ്, ജോസിന്‍റെ പിതാവ് ചാക്കോ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്തമകൻ ജെറിൻ കോട്ടയം മെഡിക്കൽ കോളജിന് സമീപം ഹോട്ടൽ നടത്തുകയാണ്. മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ചനിലയിൽ കണ്ടത്.
തുടർന്ന്, വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാത്രിതന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്തെത്തി. ഡിവൈ.എസ്.പി കെ.പി. ടോംസൺ, ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്, ഏറ്റുമാനൂർ എസ്.ഐ അഖിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
തുടർന്ന് പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്. മാനസിക വെല്ലുവിളി നേരിടുന്ന ലീന ഇടക്ക് വീട്ടുകാരുമായി വഴക്കിടാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം സംസ്‌കരിച്ചു.