Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇനിയൊരു...

‘ഇനിയൊരു ജന്മമുണ്ടെന്ന് കരുതിയതല്ല’; കൊമ്പൻ കുത്തിമലർത്തിയ കാറിനുള്ളിൽനിന്ന് സംഗീതയുടെ രണ്ടാം ജന്മം

text_fields
bookmark_border
‘ഇനിയൊരു ജന്മമുണ്ടെന്ന് കരുതിയതല്ല’; കൊമ്പൻ കുത്തിമലർത്തിയ കാറിനുള്ളിൽനിന്ന് സംഗീതയുടെ രണ്ടാം ജന്മം
cancel
camera_alt

സം​ഗീ​ത​യും മ​ക​ൾ ശ്രു​തി​യും

തൃശൂർ: നഗരത്തെ ഭീതിയിലാഴ്ത്തി ജനവാസമേഖലയിലൂടെ വിരണ്ടോടിയ ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനക്ക് മുന്നിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സംഗീത.ആന തുടർച്ചയായി കുത്തിമലർത്തിയ കാറിനുള്ളിൽ നിസ്സഹായയായി കുടുങ്ങിപ്പോയ ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഈ നാൽപതുകാരിയുടെ നെഞ്ചിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല. മരണം കണ്മുന്നിൽ കണ്ട നിമിഷങ്ങളിൽനിന്ന് ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവർ.

കിഴക്കുംപാട്ടുകരയിലെ ‘ജുവൽ റോക്സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സംഗീത. പതിവുപോലെ രാവിലെ ജോലിക്ക് പോകാൻ കാറിൽ ഇറങ്ങിയതായിരുന്നു അവർ. മുണ്ടയ്ക്കൽ സ്വദേശിയായ സംഗീത വിയ്യൂരിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. സി.എ ഫൈനൽ ഇയർ വിദ്യാർഥിനിയായ മകൾ ശ്രുതി (21) ഇരുചക്രവാഹനത്തിൽ ഇവർക്ക് പിന്നാലെ വരുന്നുണ്ടായിരുന്നു. വാഹനം ഗാന്ധിനഗർ മെയിൻ സ്ട്രീറ്റിലെ വളവിൽ എത്തിയപ്പോഴാണ് ആന വിരണ്ടോടി വരുന്ന വിവരം വഴിയിലുണ്ടായിരുന്നവർ സംഗീതയോട് വിളിച്ചുപറയുന്നത്.

ഉടൻ വാഹനം പിന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് അതിന് സാധിച്ചില്ല. അതിനിടെ പിന്നിൽ വരികയായിരുന്ന മകൾക്ക് അപകടമുന്നറിയിപ്പ് നൽകാനായി അവർ തുടർച്ചയായി ഹോൺ മുഴക്കി അവളോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും പാഞ്ഞെത്തിയ ആന സംഗീതയുടെ കാറിന് നേരെ തിരിഞ്ഞിരുന്നു. രണ്ട് വർഷം മാത്രം പഴക്കമുള്ള കാറാണ് ആന കൊമ്പിൽ കോർത്തുയർത്തി കുത്തിമറിച്ചത്. കാറിനുള്ളിൽ ഭയന്നുവിറച്ച് ഇരിക്കാനേ സംഗീതയ്ക്ക് സാധിച്ചുള്ളൂ. ആന അൽപം മുന്നോട്ട് മാറിയ തക്കത്തിന് ഓടിക്കൂടിയ നാട്ടുകാരാണ് തലകീഴായി കിടന്ന കാറിനുള്ളിൽനിന്ന് സംഗീതയെ അതിസാഹസികമായി പുറത്തെടുത്തത്.

‘എല്ലാം തീർന്നു എന്നാണ് ആ നിമിഷം തോന്നിയത്. മരണം കണ്മുന്നിൽ കണ്ടു. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. പരിക്കുകളൊന്നും ഏൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ട്...’ - സംഗീത ‘മാധ്യമ’ത്തോട് പറഞ്ഞു. ആനയുടെ ആക്രമണത്തിൽ കാർ പൂർണമായി തകർന്ന നിലയിലാണ്. എങ്കിലും യാതൊരു പരിക്കുകളുമില്ലാതെ സംഗീതയും തൊട്ടുപിന്നിലുണ്ടായിരുന്ന മകളും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

Show Full Article
TAGS:Wild Elephant Attack car attack Thrissur localnews 
News Summary - 'I didn't think I would have another life'; Sangeetha's second life from inside a honking car
Next Story