നാലാം വിജയത്തിന് ഐ.സി, പോരിനുറച്ച് എൽ.ഡി.എഫ്, കളംനിറഞ്ഞ് എൻ.ഡി.എ; പ്രചാരണ ചൂടിൽ സുൽത്താൻ ബത്തേരി
text_fieldsയു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ പ്രചാരണത്തിനിടെ നെല്ലിക്കരയിലെ അംഗൺവാടിയിൽ കുട്ടികളോടൊപ്പം, എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ് വിശ്വനാഥൻ
പ്രചാരണത്തിൽ
സുൽത്താൻ ബത്തേരി: ഹാട്രിക് അടിച്ച് മുന്നിട്ടുനിൽക്കുന്ന ഐ.സിയെ ഇത്തവണ പൂട്ടാനായി കൈമെയ് പ്രവർത്തിക്കുകയാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫ്. പൊതുവേ യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണെങ്കിലും മറിച്ച് സംഭവിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രചാരണം ഓരോ ദിവസവും പിന്നിടുമ്പോൾ വർധിച്ച ആത്മവിശ്വാസമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾക്കുണ്ടാകുന്നത്. വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മൂന്ന് മുന്നണികളും. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയ ഐ.സി. ബാലകൃഷ്ണന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ 7583 വോട്ടിന് തോല്‍പ്പിച്ചു. 2016ല്‍ മണ്ഡലത്തില്‍ രണ്ടാമതും മത്സരിച്ചപ്പോൾ സി.പി.എമ്മിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11198 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2021ല്‍ മൂന്നാം അങ്കത്തിൽ 11822 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ എം.എസ്. വിശ്വനാഥനെ പരാജയപ്പെടുത്തി.
മൂന്നാം തവണ ഐ.സിയുടെ വിജയം സി.പി.എം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. കെ.പി.സി.സി മുൻ സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥനെ കളത്തിലിറക്കി ഐ.സിയെ തോൽപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഐ.സി വിജയിച്ചതോടെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സി.പി.എമ്മിന്റെ ഏറ്റവും വലിയ ശത്രുവായി അദ്ദേഹം മാറി. ഇത്തവണയും എം.എസ്. വിശ്വനാഥനെ തന്നെ കളത്തിലിറക്കിയപ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യ, ബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴ എന്നിവയൊക്കെ പ്രചാരണ യോഗങ്ങളിലും സമൂഹമാധ്യമങ്ങളിലും എം.എൽ.എക്കെതിരെ ഇടതുപക്ഷം പ്രചരണ ആയുധമാക്കുമന്നുണ്ട്.
കഴിഞ്ഞ 15 വർഷത്തെ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വികസന മുരടിപ്പ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുമ്പോൾ നിഷ്പക്ഷ വോട്ടുകളാണ് അവർ കണ്ണുവെക്കുന്നതെന്ന് വ്യക്തം. ഗവ. കോളജ് സ്ഥാപിക്കാൻ കഴിയാത്തത് ഐ.സിയുടെ കഴിവുകേടു കൊണ്ടാണെന്ന് എൽ.ഡി.എഫ്. കോളജിനായി ഐ.സി നിയമസഭയിൽ ഉന്നയിച്ച സബ്മിഷൻ റീൽസായി ഇട്ട് യു.ഡി.എഫ് ഇതിനെ പ്രതിരോധിക്കുന്നു. വികസനം എന്നാൽ ആദിവാസി കോളനികളിൽ ദൈവപ്പുര സ്ഥാപിക്കൽ മാത്രമല്ലെന്ന കുറ്റപ്പെടുത്തൽ പ്രതിരോധിക്കേണ്ട സാഹചര്യവും ഐ.സിക്ക് ഉണ്ട്. ബത്തേരി മേഖലയിലെ വന്യമൃഗ ശല്യം, ആതുരശുശ്രൂഷ മേഖലയിലെ ശൈശവാവസ്ഥ എന്നിവയും പ്രചാരണ സ്ഥലങ്ങളിൽ ഇപ്പോൾ വലിയ ചർച്ചാവിഷയങ്ങളാണ്. ഇതിനൊക്കെ ബ്രഹ്മഗിരി സൊസൈറ്റിയുടെ തകർച്ച ഉയർത്തി യു.ഡി.എഫ് പ്രതിരോധം തീർക്കുമ്പോൾ എൽ.ഡി.എഫും പരുങ്ങലിലാവുന്നുണ്ട്.
നാലാം തവണ ഐ.സി വിജയിക്കുകയും യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുകയും ചെയ്താൽ സുൽത്താൻ ബത്തേരിക്ക് ഒരു മന്ത്രിയെ കിട്ടുമെന്ന പ്രഖ്യാപനങ്ങൾ ചില നേതാക്കൾ ഇപ്പോൾ നടത്തുന്നുണ്ട്. യു.ഡി.എഫിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ വോട്ടർമാരെ സ്വാധീനിക്കാൻ പര്യാപ്തമല്ലെന്നാണ് ഇടത് നേതാക്കന്മാർ പറയുന്നത്. പ്രതിപക്ഷ എം.എൽ.എയുടെ മണ്ഡലമായതിനാൽ സുൽത്താൻ ബത്തേരിയെ ഇടതു സർക്കാർ അവഗണിച്ചുവെന്ന ശക്തമായ ആരോപണവും യു.ഡി.എഫ് ഉയർത്തുന്നു.
എൻ.ഡി.എ സുൽത്താൻ ബത്തേരിയെ എ ക്ലാസ് മണ്ഡലമായിട്ടാണ് കാണുന്നത്. 2016ൽ സി.കെ. ജാനു മത്സരിച്ചപ്പോൾ 27920 വോട്ടുനേടിയിരുന്നു. പിന്നീട് ജാനു മത്സരിച്ചപ്പോൾ വോട്ട് കുറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്ന ഇടത്-വലത് മുന്നണികളുടെ സ്ഥിരം വോട്ടർമാർ എൻ.ഡി.എയെ പിന്തുണക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. കോളനികൾ കേന്ദ്രീകരിച്ച് ചിട്ടയായ പ്രചരണമാണ് അവർ നടത്തുന്നത്. എൻ.ഡി.എ കൂടുതൽ വോട്ടുകൾ നേടിയാൽ അത് ഇരുമുന്നണികളെയും ബാധിക്കാം. എൻ.ഡി.എ സ്ഥാനാർഥിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കുറുമ വിഭാഗത്തിൽ പെട്ടവരാണ്. ഇത്തവണ സുൽത്താൻ ബത്തേരിയിലെ ഐ.സിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ കുറുമരിലെ നല്ലൊരു ശതമാനത്തിന് എതിർപ്പുണ്ട്.
ഐ.സി. ബാലകൃഷ്ണൻ (യു.ഡി.എഫ്)
അമ്പതുകാരനായ ഐ.സി. ബാലകൃഷ്ണൻ നിലവിൽ സുൽത്താൻ ബത്തേരി മണ്ഡലം എം.എൽ.എയാണ്. മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല വീട്ടില്‍ ചന്ദു-മീനാക്ഷി ദമ്പതികളുമായി മകനായി 1975 മെയ് 25ന് ജനനം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ.സി, യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ വയനാട്ടില്‍ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. 1994-95 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത് കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്നു. 2004 മുതല്‍ 2007വരെ യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 2005വരെ തവിഞ്ഞാല്‍ പഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ചു ജയിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായിരുന്നു. ലക്ഷ്മിയാണ് ഭാര്യ. കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നിവരാണ് മക്കള്‍.
എം.എസ്. വിശ്വനാഥൻ (എൽ.ഡി.എഫ്)
സി.പി.എം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റിയംഗമായ എം.എസ്. വിശ്വനാഥൻ (54) രണ്ടാംതവണയാണ് ബത്തേരിയിൽനിന്ന് ജനവിധി തേടുന്നത്. വ്യാപാരി-വ്യവസായി സമിതി ജില്ല പ്രസിഡന്റ്, എ.കെ.എസ് ബത്തേരി ഏരിയ സെക്രട്ടറി, താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ, ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കേന്ദ്ര കയർ ബോർഡിൽ 10 വർഷം ഉദ്യോഗസ്ഥനായിരുന്നു. കെ.പി.സി.സി സെക്രട്ടറിയായിരിക്കേ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി രാജിവെച്ച് സി.പി.എമ്മിൽ ചേരുകയായിരുന്നു. ആദിവാസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയും കേരള കുറുമൻ സമാജം ഭാരവാഹിയുമായിരുന്നു. ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഗായത്രി നിവാസിലാണ് താമസം. മീനങ്ങാടി മുതിമൂല ഗോത്രവർഗ ഉന്നതിയിൽ പരേതരായ ശംഭുവിന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ഗായത്രി, നന്ദ ഗോപാലൻ, ബാലഗോപാലൻ.
എ.എസ്. കവിത (എൻ.ഡി.എ)
അരിമുളവീട്ടിൽ ശങ്കരന്റെയും ദേവകിയുടേയും മകളാണ് എ.എസ്. കവിതയെന്ന 47കാരി. കുറച്ച് വർഷങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തകയാണ്. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലും തുടർന്ന് രണ്ട് തവണ ബത്തേരി മണ്ഡലത്തിന്റെയും അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. രണ്ട് തവണ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലേക്ക് കിടങ്ങ് വാർഡിൽനിന്ന് ജനവിധി തേടി. ഭർത്താവ് രഘു നടവയൽ ഗ്രാമീൺ ബാങ്ക് മാനേജറാണ്. മക്കൾ: ആർദ്ര ലക്ഷ്മി (എം.ബി.ബി.എസ് വിദ്യാർഥി - കോഴിക്കോട് മെഡിക്കൽ കോളജ്), നന്ദന ലക്ഷ്മി (ആയുർവേദ മെഡിക്കൽ കോളജ് തിരുവനന്തപുരം).


