ഇടുക്കിയിൽ ഇരുമുന്നണികൾക്കും ജയം; കൂടെ നിരാശയും
text_fieldsതൊടുപുഴ: ഭൂപ്രശ്നം മുഖ്യവിഷയമായി അവതരിപ്പിച്ച യു.ഡി.എഫിനും ജോസിെൻറ വരവ് ആഘോഷിച്ച എൽ.ഡി.എഫിനും തൃപ്തിയില്ലാത്ത ഫലമാണ് ഇടുക്കിയിൽ. ജില്ല പഞ്ചായത്ത് പിടിച്ചെടുക്കാനായെന്നതൊഴിച്ചാൽ കാര്യമായ മെച്ചം എൽ.ഡി.എഫിനില്ല. സർക്കാറിനെതിരെ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഭൂപതിവ് ചട്ടഭേദഗതിയിലെ വീഴ്ച ഏശിയില്ലെന്നുമാത്രമല്ല, കഴിഞ്ഞ തവണത്തെ നേട്ടങ്ങൾക്കപ്പുറം പോകാൻ യു.ഡി.എഫിനുമായില്ല. ജോസ് കെ. മാണി മുന്നണിയിലേക്ക് വന്നതോടെ പ്രതീക്ഷിച്ച കുതിച്ചുചാട്ടം ഇടുക്കിയിൽ സംഭവിച്ചില്ലെന്നാണ് എൽ.ഡി.എഫിെൻറ പ്രകടനം നൽകുന്ന സൂചന. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒപ്പമുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭാവം ഏറക്കുെറ പരിഹരിക്കാനായെന്നുമാത്രം. അതും സമിതിയുടെ കൂടി രഹസ്യ പിന്തുണയോടെ.
രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിട്ടും മുമ്പെത്തക്കാൾ മെച്ചപ്പെട്ട പ്രകടനം സാധ്യമാകാത്ത അടിയൊഴുക്കിൽ അന്ധാളിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മുെമ്പന്നെത്തക്കാൾ വിമതരുടെ എണ്ണം കൂടിയത് യു.ഡി.എഫിന് വിനയായെന്നാണ് പൊതു വിലയിരുത്തൽ. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് - കേരള കോൺഗ്രസ് നേതൃത്വത്തിലുണ്ടായ അസഹിഷ്ണുത പലയിടത്തും അണികളിലേക്ക് എത്തിയതും വിനയായി. യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിനെതിരെ ചില മതമേലധ്യക്ഷന്മാർതന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എട്ട് പഞ്ചായത്തിലെങ്കിലും യു.ഡി.എഫിെൻറ സാധ്യത നഷ്ടപ്പെടുത്തിയെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ, ജില്ലയിലെ ആകെയുള്ള രണ്ട് നഗരസഭകളും ഗ്രാമപഞ്ചായത്തുകളിൽ കൂടുതലും നേടാനായതിൽ ആശ്വസിക്കുകയാണ് നേതൃത്വം.
ജില്ല പഞ്ചായത്ത് തിരിച്ചുപിടിക്കാനായതിനപ്പുറം എൽ.ഡി.എഫിനും സന്തോഷത്തിന് വകയില്ല. പഞ്ചായത്തുകളുടെ എണ്ണം കുറഞ്ഞതുകൂടാതെ നഗരസഭകളിൽ പ്രകടനം മോശമായതും അലട്ടുന്നു. സ്ഥാനാർഥികളെ നിശ്ചയിച്ചതിലുമുണ്ടായ ജാഗ്രതക്കുറവ് ഇനിയങ്ങോട്ട് കോൺഗ്രസിെൻറ ഉറക്കം കെടുത്തുമെന്നുറപ്പ്. തൊടുപുഴ നഗരസഭ പിടിക്കുമെന്നതടക്കം വൻ കുതിപ്പ് അവകാശപ്പെട്ട ബി.ജെ.പിക്ക് ജില്ലയിലാകെ 37 സീറ്റാണ് നേടാനായത്.