അൽപം വിവേകമുണ്ടെങ്കിൽ എം.എ ബേബി എ.കെ.ജി സെന്റർ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കണമായിരുന്നു -ഡോ.ആസാദ്
text_fieldsതിരുവനന്തപുരം: അൽപം വിവേകമുണ്ടായിരുന്നുവെങ്കിൽ എം.എ ബേബി എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് മാറി നിൽക്കണമായിരുന്നുവെന്ന് ഇടതുചിന്തകൻ ഡോ.ആസാദ്. ജനറൽ സെക്രട്ടറി പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്റർ ഉദ്ഘാടനം ചെയ്തതിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
അൽപ്പം വിവേകമുണ്ടെങ്കിൽ, താൻ കാരണം ജനറൽ സെക്രട്ടറി പദവിക്ക് മങ്ങലുണ്ടാവാതിരിക്കാൻ ബേബിക്കു ശ്രദ്ധിക്കാമായിരുന്നു. ആ പരിപാടിക്കു വരാതിരിക്കാം. ഡൽഹിയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പരിപാടി ആസൂത്രണം ചെയ്ത് സ്ഥലം വിടാം. അതൊന്നും ചെയ്യാതെ വാശിയോടെ ബേബി തിരുവനന്തപുരത്ത് എത്തിയത് പാർട്ടിയുടെ ഇന്നത്തെ നില ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാവാനേ തരമുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
സി.പി.ഐ.എമ്മിന്റെ പുതിയ എ കെ ജി സെന്റർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചിലർ ചില അപശബ്ദങ്ങൾ ഉയർത്തുന്നുണ്ട്. അതിലെന്ത് കാര്യം? സി പി എമ്മിന്റെ ആപ്പീസ് സി പി എമ്മിന്റെ മാത്രം കാര്യം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പീസ് ഉദ്ഘാടനം ചെയ്തത്. സി പി എമ്മിന്റെ ഇന്നത്തെ നിലയ്ക്കും പ്രൗഢിക്കും കാരണഭൂതനായ ഒരാൾ എന്ന നിലയിൽ പിണറായി തന്നെയാണ് ആ ആപ്പീസ് ഉദ്ഘാടനം ചെയ്യാൻ ഏറ്റവും യോഗ്യൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന ഒരു പാർട്ടി പരിപാടി മുഖ്യമന്ത്രിയാണോ ജനറൽ സെക്രട്ടറിയാണോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നു ചോദിച്ചാൽ പഴയ സഖാക്കൾ ജനറൽ സെക്രട്ടറി എന്നേ മറുപടി പറയൂ.
എന്നാൽ കാലം മാറി. പാർട്ടിക്ക് പുതിയ ഉടമയും അവകാശിയും അയാളുടെ ഇംഗിതങ്ങൾക്കു വഴങ്ങുന്ന കമ്മറ്റികളും എന്ന നിലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ആ നിലയ്ക്ക് അഖിലേന്ത്യാ സെക്രട്ടറി പിന്നോട്ടു മാറി നിന്നത് ഉചിതം തന്നെ. അദ്ധ്യക്ഷനായിപ്പോലും ശിലാഫലകത്തിൽ ജനറൽ സെക്രട്ടറിയുടെ പേരു വരാതിരിക്കാൻ കേരള പാർട്ടി ശ്രദ്ധിച്ചിരിക്കുന്നു. അദ്ധ്യക്ഷപദത്തിന്റെ വിഷയം വരുമ്പോൾ പ്രോട്ടോകോൾ പരമപ്രധാനമാകുന്നതു കാണാം. കൊള്ളാം.
അൽപ്പം വിവേകമുണ്ടെങ്കിൽ, താൻ കാരണം ജനറൽ സെക്രട്ടറി പദവിക്ക് മങ്ങലുണ്ടാവാതിരിക്കാൻ ബേബിക്കു ശ്രദ്ധിക്കാമായിരുന്നു. ആ പരിപാടിക്കു വരാതിരിക്കാം. ദില്ലിയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പരിപാടി ആസൂത്രണം ചെയ്ത് സ്ഥലം വിടാം. അതൊന്നും ചെയ്യാതെ വാശിയോടെ ബേബി തിരുവനന്തപുരത്ത് എത്തിയത് പാർട്ടിയുടെ ഇന്നത്തെ നില ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാവാനേ തരമുള്ളു.
ബേബിക്ക് വ്യക്തിപരമായി ഈ അവഗണനയും തരംതാഴ്ത്തലുമൊന്നും പുതുമയല്ല. എന്നാൽ ജനറൽ സെക്രട്ടറി എന്ന പദവി അൽപ്പം ഉയർന്നതാണല്ലോ. മഹാരഥന്മാർ ഇരുന്ന കസേരയാണല്ലോ അത്. കേരളത്തിലെ അൽപ്പവിഭവന്മാരും ആർത്തിപ്പണ്ടാരങ്ങളും കൂടി വികസന സൗധങ്ങൾ പണിഞ്ഞ് പാർട്ടിയെ ന്യൂക്ലാസ് സ്വർഗമാക്കുമ്പോൾ അഖിലേന്ത്യാ സെക്രട്ടറിക്ക് പിൻനിരയിൽ നിൽക്കേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടതില്ലായിരുന്നു.
തിരക്കി മുന്നിൽ കയറി ഫോട്ടോയിൽ പെടാൻ ഉത്സാഹിക്കുന്നതുപോലെ മോശമാണ് മുന്നിൽ നിൽക്കേണ്ട ഒരാൾ പിറകിലേക്ക് മാറുന്നതും മാറ്റപ്പെടുന്നതും. ജനങ്ങൾ രാഷ്ട്രീയമായി പ്രബുദ്ധരാണ്. അവർ അത് രാഷ്ട്രീയമായിത്തന്നെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് ബേബിക്കും അറിയാവുന്നതല്ലേ?.