വനാവകാശനിയമം നടപ്പാക്കൽ: അട്ടപ്പാടിയിൽ വൻ പരാജയമെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: വനാവകാശനിയമം പ്രാബല്യത്തിൽ വന്ന് 18 വർഷത്തിലേറെയായിട്ടും അട്ടപ്പാടിയിൽ വൻ പരാജയമെന്ന് അക്കൗണ്ടൻറ് ജനറലിന്‍റെ റിപ്പോർട്ട്. അട്ടപ്പാടിയിൽ നിയമം ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. 68 വനഗ്രാമങ്ങൾ തീരുമാനിച്ചുവെങ്കിലും ആദിവാസികൾക്ക് വനാവകാശം ലഭിച്ചിട്ടില്ല. കോട്ടത്തറ -10, ഷോളയൂർ- 11, പാടവയൽ- 16, പുതൂർ- 12, അഗളി-19 എന്നിങ്ങനെയാണ് വനഗ്രാമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
68 വനഗ്രാമങ്ങൾ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യാൻ ആദിവാസികൾ കാത്തിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി താലൂക്കിലെ ആദിവാസികൾക്ക് 2006ലെ വനാവകാശ നിയമം വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് ഇതു വഴി ഉദ്യോഗസ്ഥർ ചെയ്തത്. കോട്ടത്തറ-10, ഷോളയൂർ-11, പടവയൽ-16, പുതൂർ -12, അഗളി-19 എന്നിങ്ങനെ ആകെ 68 വനഗ്രാമങ്ങളാണ് ഇപ്പോഴും ഫയലിൽ ഉറങ്ങുന്നത്.
വനഗ്രാമങ്ങളെ (സെറ്റിൽമെൻറുകളെ) റവന്യൂ ഗ്രാമങ്ങളാക്കി മാറ്റി അവകാശങ്ങൾ അനുവദിച്ചാൽ ആദിവാസികൾക്ക് സർക്കാർ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ മികച്ച രീതിയിൽ ലഭിക്കും. പാരമ്പര്യ അവകാശങ്ങളും ദുരുപയോഗ അവകാശങ്ങളും ഉൾപ്പെടെയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശങ്ങൾ അംഗീകരിക്കുന്നതിനും സഹായിക്കും. ഭൂമാഫിയയുടെ കൈയേറ്റത്തിൽ നിന്ന് ആദിവാസികൾക്ക് സംരക്ഷണം ലഭിക്കും.
വനാവകാശ നിയമത്തിലെ വകുപ്പ് മൂന്ന് (ഒന്ന്)(ബി) പ്രകാരം, എല്ലാ വനഭൂമികളിലും വനവാസി പട്ടികവർഗക്കാർക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും വനാവകാശമായി എല്ലാ വനഗ്രാമങ്ങളും പഴയ വാസസ്ഥലങ്ങളും സർവേ ചെയ്യപ്പെടാത്ത ഗ്രാമങ്ങളും റവന്യൂ ഗ്രാമങ്ങളാക്കി മാറ്റുന്നതിനുള്ള അവകാശങ്ങൾ അംഗീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഗോത്ര വികസന മന്ത്രാലയം ഈ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാന സർക്കാരുകൾക്കും സമഗ്രമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വനഗ്രാമങ്ങളെയും മറ്റ് അത്തരം ഗ്രാമങ്ങളെയും റവന്യൂ ഗ്രാമങ്ങളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനും അവയെ ഭരണ സംവിധാനത്തിൽ സംയോജിപ്പിക്കുന്നതിനും ഈ മാർഗനിർദേശങ്ങളും നൽകി. ആദിവാസികളുടെ വാസസ്ഥലങ്ങൾ തിരിച്ചറിഞ്ഞ് പൊതുഅവകാശങ്ങളും വ്യക്തിഗത അവകാശങ്ങളും അംഗീകരിക്കുകയും കമ്യൂണിറ്റി ആവശ്യങ്ങൾക്കായി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമങ്ങളുടെ യഥാർത്ഥ ഭൂവിനിയോഗം ഉറപ്പാക്കുകയും ചെയ്യണം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ 2013ൽ കത്തിലൂടെ നൽകി നിർദേശങ്ങളും നൽകി. പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. അട്ടപ്പാടിയിൽ ഇത് അട്ടമറിക്കുകയാണ് ചെയ്തത്. ഈക്കാര്യത്തിൽ അട്ടപ്പാടിയിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനം പരാജയപ്പെട്ടു. ആദിവാസികൾക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും വനാവകാശ നിയമത്തിന്റെ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർ ഗണ്യമായി നിഷേധിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പല ഊരുകളിലും കൈവശ രേഖ നൽകിയെങ്കിലും (ആർ.ഒ.ആർ) ഭൂമിയുടെ സർവേ നമ്പറുകൾ ഇല്ലാത്തതിനാൽ സപ്ലിമെന്ററി ബേസിക് ടാക്സ് രജിസ്റ്റർ തയാറാക്കാൻ കഴിഞ്ഞില്ല. രേഖ കടലാസിൽ മാത്രമാണ്. ഭൂമി എവിടെയാണെന്ന് ആർക്കും അറിയില്ല. അതിനാൽ, മുൻഗണനാടിസ്ഥാനത്തിൽ സർവേ നമ്പറുകൾ തിരിച്ചറിയാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയെന്നാണ് തഹസിൽദാർ നൽകിയ മറുപടി. സർവേ നമ്പറുകൾ ലഭിച്ചു കഴിഞ്ഞാൽ സപ്ലിമെന്ററി ബേസിക് ടാക്സ് രജിസ്റ്റർ തയാറാക്കി ഗുണഭോക്താക്കൾക്ക് തണ്ടപ്പേര് നൽകണമെന്നാണ് അറിയിച്ചത്.
ഷോളയൂർ വില്ലേലെ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലയിൽ വനവാകാശമനുസരിച്ച് നിൽകാൻ തീരുമാനിച്ച് ഭൂമി ഭൂമാഫിയ കൈയേറുന്നുവെന്നാണ് ആദിവാസികളുടെ പരാതി. ആദിവാസികൾ മാത്രം പാരമ്പര്യമായി ജീവിക്കുന്ന ഭൂമിയാണ് മാഫിയ കൈയേറുന്നത്.


