ഗര്‍ഭിണിയാക്കിയത് കാമുകന്‍; കുളനട മെഴുവേലിയിലെ നവജാതശിശുവിന്‍റെ മരണം കൊലപാതകം
text_fieldsപന്തളം: പത്തനംതിട്ട കുളനട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ യുവതി കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. അവിവാഹിതയായ ബിരുദ വിദ്യാര്‍ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് വീടിന് പിന്നിലെ കാടുപിടിച്ച പുരയിടത്തില്‍ മരിച്ച നിലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. 20കാരിയായ വിദ്യാര്‍ഥിനി രക്തസ്രാവത്തിന് ചികില്‍സ തേടിയതോടെയാണ് പ്രസവ വിവരം പുറത്തായത്. കൊലപ്പെടുത്തിയ കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ ബുധനാഴ്ച നടക്കും.
കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ യുവതിക്ക് കഴിഞ്ഞിരുന്നു. പ്രസവശേഷം കുട്ടിയുടെ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചെന്ന് യുവതി മൊഴി നല്‍കി. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കി കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയുടെ അച്ഛന് പുല്ലുവെട്ടലാണ് ജോലി. ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീടും, ഏറെ പ്രാരാബ്ധങ്ങളുമുള്ള കുടുംബമാണിത്. യുവതി ഗര്‍ഭിണിയാണെന്നതിന് വീട്ടുകാർക്ക് ഒരു സൂചന പോലും കിട്ടിയിരുന്നില്ലെന്നാണ് വിവരം.