ആദ്യ വോട്ട് പ്രിയ സഖാവിന്
text_fieldsവിനോദിനി ബാലകൃഷ്ണൻ ( പി. സന്ദീപ്)
കണ്ണൂർ: ‘ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്തത് എന്റെ സഖാവിനാണ്. അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാം വർഷമായിരുന്നു. തലശ്ശേരിയിൽനിന്നാണ് ബാലകൃഷ്ണേട്ടൻ ജനവിധി തേടിയത്. ഇന്ന് അദ്ദേഹമില്ലാതെ ആദ്യമായി വോട്ടുചെയ്യാനായി മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമത്തിലാണ്’ -ഇടതുപക്ഷത്തിന്റെ ജനകീയ മുഖം കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഒന്നര വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തോടൊപ്പമുള്ള തെരഞ്ഞെടുപ്പ് ഓർമകളിൽ വികാരാധീനയാവുകയാണ് പ്രിയ പത്നി വിനോദിനി ബാലകൃഷ്ണൻ.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ജനങ്ങളെ സംഘടിപ്പിക്കാനും കോടിയേരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. സ്വതഃസിദ്ധമായ പുഞ്ചിരിയുമായി ആളുകൾക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലും. തലശ്ശേരി എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന അച്ഛൻ എം.വി. രാജഗോപാലൻ മത്സരരംഗത്ത് ഉണ്ടായിരുന്നപ്പോൾ വോട്ടുചെയ്യാൻ ഭാഗ്യമുണ്ടായിരുന്നില്ല. ആദ്യവോട്ട് പ്രിയ സഖാവിനാകണമെന്ന് നിയോഗമുണ്ടായിരിക്കണം. അന്ന് 21ാം വയസ്സിലാണ് വോട്ടവകാശം. 1980ൽ 19ാം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം 1982ലാണ് കോടിയേരി തലശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു അന്ന് പ്രചാരണം. സംസ്ഥാന കമ്മിറ്റിയുള്ള ദിവസങ്ങളിൽ മാത്രമാണ് തലശ്ശേരി വിട്ടുപോയത്. എത്ര വൈകിയാലും വീട്ടിലെത്തും. എനിക്കും അമ്മക്കും അത് നിർബന്ധമായിരുന്നു. അമ്മയുടെ കാര്യത്തിൽ ഈ നിർബന്ധം അൽപം കൂടുതലുമായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയതുകൊണ്ട് അദ്ദേഹത്തിന് എല്ലാം അമ്മയായിരുന്നു.
1984ലെ ലോക്സഭ തെരഞ്ഞെടുപ്പ് മറക്കാനാവാത്തതാണ്. കോൺഗ്രസ് എസിലെ കെ.പി. ഉണ്ണികൃഷ്ണനായിരുന്നു വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. അക്കാലത്ത് കോടിയേരി സഖാവിന് നല്ല തടിയും വണ്ണവുമുണ്ടായിരുന്നു. രാത്രി വളരെ വൈകിയാണ് വീട്ടിലെത്തുക. പുലർച്ച എഴുന്നേറ്റ് പോവുകയും ചെയ്യും. അന്ന് ഇതുപോലെ വാഹന സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ നടന്നായിരുന്നു വോട്ടുതേടലും പ്രചാരണവും. തെരഞ്ഞെടുപ്പ് തീരുന്നതുവരെ രാത്രി വൈകിയെത്തിയാൽ ഒരു ഗ്ലാസ് പാൽ മാത്രമാണ് ആഹാരം. വായുസംബന്ധമായ പ്രശ്നമുണ്ടാകുന്നതിനാൽ വൈകിയ സമയത്ത് ഭക്ഷണമൊന്നും കഴിക്കില്ല. വോട്ടുതേടി നടപ്പും ഭക്ഷണക്രമീകരണവുമായതോടെ അനാവശ്യമായ തടിയൊക്കെ പോയി ബാലകൃഷ്ണേട്ടൻ സുന്ദരനായി. എന്നും തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നെങ്കിൽ എപ്പോഴും സഖാവിനെ സുന്ദരനായി കാണാനായേനെ എന്ന് ഞാൻ കളിയാക്കും. ഉള്ളുനിറച്ചൊരു ചിരിയിൽ അദ്ദേഹം മറുപടിയൊതുക്കും. അമ്മക്ക് ബാലകൃഷ്ണേട്ടൻ തടിച്ചുകാണാനായിരുന്നു ഇഷ്ടം. തെരഞ്ഞെടുപ്പാകുമ്പോൾ ഊണും ഉറക്കവും ഇല്ലാതായി തടി മെലിയുമ്പോൾ അമ്മ പരാതി പറയും. വീട്ടിലെത്തുന്ന പിണറായിയും നായനാരുമെല്ലാം അമ്മയുടെ പരിഭവം കേൾക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടിലെത്തിയ എ.കെ. ആന്റണി അമ്മയുടെ പരാതിയും പരിഭവവും ക്ഷമയോടെ കേട്ടിരുന്നത് ഇന്നും ഓർമയിലുണ്ട്.


